afghanistan-cricket

ചരിത്രത്തിലാദ്യമായി ഒരു ഐസിസി ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ എത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയ, ബംഗ്ലാദേശ് എന്നിവരെ തോല്‍പ്പിച്ച് ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്താണ് അഫ്ഗാന്‍ അവസാന നാലില്‍ ഉള്‍പ്പെട്ടത്. ട്രിനിഡാഡില്‍ ഒന്നാം സെമി ഫൈനലില്‍ ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയമറിയാത്ത സൗത്താഫ്രിക്കയാണ് റാഷിദ് ഖാന്‍ നയിക്കുന്ന അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍.

ഈ ടൂര്‍ണമെന്റില്‍ ശക്തരായ ന്യൂസിലാന്‍ഡിനേയും അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ എട്ട് റണ്‍സിനാണ് അവര്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഇന്ത്യയോട് മാത്രമാണ് ഈ റൗണ്ടില്‍ അവര്‍ പരാജയപ്പെട്ടത്. ഇരു ടീമുകളും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. രണ്ടാം സെമി ഫൈനല്‍ മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ് നടക്കുന്നത്. ആത്മവിശ്വാസത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന അഫ്ഗാനികള്‍ ഇന്ത്യ ഉള്‍പ്പെടെ ഏത് ടീമിനേയും വിറപ്പിക്കാന്‍ പോന്നവരാണ്.

അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് സെമി ഫൈനല്‍ പ്രവേശനം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാണുമ്പോള്‍ അവര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാനില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകന്‍. ലോകത്ത് ഏതൊരു ടീമിനേയും തോല്‍പ്പിക്കാന്‍ കഴിവുള്ളവരാണെങ്കിലും ഒരിക്കലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ അവര്‍ ആഗ്രഹിക്കില്ലെന്നാണ് പാകിസ്ഥാനിലെ മാദ്ധ്യമപ്രവര്‍ത്തകനായ വജാഹത് കസ്മി സമൂഹമാദ്ധ്യമമായ എക്‌സില്‍ കുറിച്ചത്.

Afghanistan can beat any team in the world except India for obvious reasons. IPL contracts are very precious.

— Wajahat Kazmi (@KazmiWajahat) June 23, 2024

ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ഐപിഎല്‍ കോണ്‍ട്രാക്ട് നഷ്ടപ്പെടുമോയെന്ന ഭയം അവര്‍ക്കുണ്ടാകുമെന്നാണ് ഇതിനുള്ള കാരണമായി കസ്മി പറയുന്നത്. അഫ്ഗാനികളെ സംബന്ധിച്ച് ഐപിഎല്‍ കരാര്‍ വളരെ പ്രധാനപ്പെട്ടതാണെന്നും കസ്മി ആരോപിക്കുന്നു. എന്നാല്‍ ഇതിനെതിരെ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ രംഗത്തെത്തി. ഇത്തരം പോസ്റ്റുകള്‍ ദയവായി തന്റെ ടൈംലൈനില്‍ വരാതിരിക്കണമെന്നാണ് ഇലോണ്‍ മസ്‌കിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് അശ്വിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.