rice

ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തിന്റെ പേര് ചോദിച്ചാല്‍ മറ്റ് പലതിന്റേയും പേരാണ് പറയുന്നതെങ്കിലും ചോറ് കഴിക്കാത്ത ഒരു ദിവസത്തെക്കുറിച്ച് ഭൂരിഭാഗം മലയാളികള്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ ആരോഗ്യവുമായി ബന്ധപ്പെട്ട് അത്ര നല്ല പേരല്ല ചോറിനുള്ളത്. അമിതമായി ചോറ് കഴിച്ചാല്‍ പ്രമേഹം, പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ ചോറിനെ ഇതില്‍ കൂടുതല്‍ അപകടകാരിയാക്കുന്നത് ഫ്രിഡ്ജില്‍ രണ്ട് മൂന്ന് ദിവസത്തേക്കുള്ളത് സൂക്ഷിച്ചതിന് ശേഷം ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കുമ്പോഴാണെന്ന് എല്ലാവര്‍ക്കും അറിയാം.

രണ്ട് മുതല്‍ മൂന്ന് ദിവസത്തേക്കുള്ള ചോറ് ഒരുമിച്ച് ഉണ്ടാക്കിയ ശേഷം ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് ചൂടാക്കി കഴിക്കുന്ന പ്രവണത പലര്‍ക്കുമുണ്ട്. ഇത് അപകടകരമാണ്. ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കുന്നതിലൂടെ ഏറ്റവും വിഷമായി മാറുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് ചോറ്. ഫ്രിഡിജില്‍ രണ്ട് മൂന്ന് ദിവസത്തേക്കുള്ള ചോറ് ഒരുമിച്ചുണ്ടാക്കിയ ശേഷം സൂക്ഷിച്ച് വയ്ക്കുകയും പിന്നീട് കഴിക്കുകയും ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ സംഭവിക്കുന്നത്

എളുപ്പത്തില്‍ പൂപ്പല്‍ പിടിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്. അതുകൊണ്ടാണ് ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കുന്നത് അപകടമാകുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും ചോറില്‍ പൂപ്പല്‍ ബാധിക്കും. അതുകൊണ്ടാണ് സൂക്ഷിച്ച ശേഷം പുറത്തെടുക്കുമ്പോള്‍ ഒരു വഴുവഴുപ്പ് അനുഭവപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ പൂപ്പല്‍ തന്നെയാണ് വഴുവഴുപ്പായി കാണപ്പെടുന്നതും. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ പൂപ്പല്‍ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുകയും ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറുകയും ചെയ്യും.

ചോറില്‍ അടങ്ങിയിട്ടുള്ള അന്നജം അളവാണ് ഇതിന് കാരണമായി മാറുന്നത്. അന്നജം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് പറയപ്പെടുന്നത്. ചോറിന് പുറമേ നമ്മള്‍ സ്ഥിരമായി വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്ന ക്യാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് തുടങ്ങിയവയും ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കാന്‍ പാടുള്ളതല്ല.