arrest

കോട്ടയം: വിദേശ വനിതയെ അതിക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ജര്‍മ്മന്‍ സ്വദേശിനിയായ യുവതിയെ ട്രെയിനില്‍ വച്ച് കടന്ന് പിടിച്ചു ചുംബിച്ച ട്രെയിനിലെ പാന്‍ട്രി ജീവനക്കാരന്‍ ആണ് പിടിയിലായത്. മദ്ധ്യപ്രദേശ് സ്വദേശിയായ ഇന്ദ്രപാല്‍ സിംഗ് (40) ആണ് കോട്ടയം റെയില്‍വേ എസ് എച്ച് ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കന്യാകുമാരി പൂനെ എക്‌സ്പ്രസില്‍ ആയിരുന്നു സംഭവം. ട്രെയിനിലെ എ.സി കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്നു 25 കാരിയായ ജര്‍മ്മന്‍ യുവതി. ട്രെയിന്‍ തിരുവല്ല സ്റ്റേഷനില്‍ എത്തിയ സമയം എസി കമ്പാര്‍ട്ട്‌മെന്റ്‌സില്‍ എത്തിയ ഇന്ദ്രപാല്‍ സിങ്ങ് യുവതിയെ കടന്ന് പിടിക്കുകയായിരുന്നു എന്നാണ് പരാതി.

തുടര്‍ന്ന് യുവതി ബഹളം വച്ചതോടെ പ്രതിയെ ട്രെയിനിലെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് തടഞ്ഞുവച്ചു. ട്രെയിന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ എസ് എച്ച് ഒ റെജി പി ജോസഫിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ് ഐ സന്തോഷ് , സീനിയര്‍ സി പി ഒ മധു എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.

ടി ടി ഇയുടെ റിപ്പോര്‍ട്ടും യുവതിയുടെ പരാതിയും എഴുതി വാങ്ങിയശേഷം ഇയാള്‍ക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.