
ഫോർട്ട് കൊച്ചി: കാലാവസ്ഥാ മുന്നറിയിപ്പുകളും സമൂഹ മാദ്ധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളും മൺസൂൺ ടൂറിസത്തിന് പ്രതിസന്ധിയായി. ടൂറിസം സീസൺ ആരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും പതിവിന് വിപരീതമായി ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്.
മഴ കാണാനും മൺസൂൺ ഭംഗി ആസ്വദിക്കാനും മൂന്നാർ, ആലപ്പുഴ ഭാഗത്തേക്ക് പോകാനെത്തുന്നവർക്ക് കൊച്ചിയൊരു ഡെസ്റ്റിനേഷനായിരുന്നു. എന്നാൽ ഭീതിയുടെ നിഴലിൽ സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞതായി പശ്ചിമ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടൂറിസം മേഖലയിലുള്ളവർ പറയുന്നു.
ഉത്തരേന്ത്യക്കാർ കൈയൊഴിഞ്ഞു
ആഭ്യന്തര സഞ്ചാരികളാണ് മൺസൂണിൽ എത്തുന്നവരിലേറെ. ഇക്കുറി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ അമിത ചൂടിനെ തുടർന്ന് സഞ്ചാരികൾ കേരളത്തിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷ. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് സഞ്ചാരികൾ കേരളത്തിലേക്ക് എത്തുന്നത്. ഏപ്രിൽ മാസത്തിന്റെ തുടക്കം ആഭ്യന്തര വിനോദ സഞ്ചാരികൾ സംസ്ഥാനത്തേക്കെത്തിയെങ്കിലും മഴക്കെടുതികൾ വിനയായി.
ബുക്കിംഗുകൾ റദ്ദാക്കി
ഏപ്രിൽ പകുതിയോടെ പെയ്ത ശക്തമായ വേനൽ മഴയും വെള്ളക്കെട്ടും ഉരുൾ പൊട്ടലുമെല്ലാം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെ ഹോട്ടലുകളിലെയും ഹോം സ്റ്റേകളിലെയും ബുക്കിംഗുകൾ റദ്ദ് ചെയ്തു. തീർത്ഥാടന,പഠനാവശ്യം, ചികിത്സ എന്നിവക്കായി വരുന്നവർ മാത്രമാണ് ഇപ്പോഴെത്തുന്നത്.
അടിക്കടിയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളും കേരളത്തിലെ പ്രകൃതി ക്ഷോഭങ്ങളെ സംബന്ധിച്ച അമിതമായ സോഷ്യൽ മീഡിയാ പ്രചാരണവും ടൂറിസത്തിന് വലിയ തിരിച്ചടിയായി.
സാദിക്ക് സാജ്
ഹോംസ്റ്റേ സംരംഭകൻ