om-birla-

ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ സ്‌പീക്കറെ ഇന്നറിയാം. എൻഡിഎയിൽ നിന്ന് ഓം ബിർളയും ഇന്ത്യ സഖ്യത്തിൽ നിന്ന് കൊടിക്കുന്നിൽ സുരേഷുമാണ് മത്സരിക്കുന്നത്. പേര് നിർദേശിച്ചുള്ള പ്രമേയം രാവിലെ 11മണിക്ക് സഭയിൽ അവതരിപ്പിക്കും. ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം ഉറപ്പുനൽകാൻ സർക്കാർ തയാറാകാത്തതിനെ തുടർന്നാണ് പ്രതിപക്ഷം മത്സരിക്കാൻ തീരുമാനിച്ചത്. സമവായ ചർച്ച നടന്നെങ്കിലും വിജയിച്ചില്ല. ഇന്നത്തെ ആദ്യ അജണ്ടയാണ് സ്‌പീക്കർ തിരഞ്ഞെടുപ്പ്.

സഭയിൽ എൻഡിഎ‌യ്ക്ക് കേവല ഭൂരിപക്ഷം ഉള്ളതിനാൽ ഓം ബിർള സ്‌പീക്കറാകാനാണ് സാദ്ധ്യത. ബിജെപി അംഗമായ ഓം ബിർളയായിരുന്നു കഴിഞ്ഞ ലോക്‌സഭയിലും സ്‌പീക്കർ. രാജസ്ഥാനിലെ കോട്ടയിലെ എംപിയാണ് ബിർള. കോൺഗ്രസ് നേതാവും മാവേലിക്കര എംപിയുമാണ് കൊടിക്കുന്നിൽ സുരേഷ്. ഇദ്ദേഹം അടൂർ, മാവേലിക്കര മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എട്ടു തവണ എംപിയായിട്ടുണ്ട്. 50 വർഷത്തിനിടെ ഇതാദ്യമായാണ് സ്‌പീക്കർ സ്ഥാനത്തേക്ക് മത്സരമുണ്ടാകുന്നത്. 1952,1976, 1991, 1998 വർഷങ്ങളിലാണ് മുൻപ് സ്‌പീക്കർ സ്ഥാനത്തേക്ക് മത്സരം നടന്നത്.

സ്‌പീക്കർ ചരിതം:

1952: കോൺഗ്രസിന്റെ ജി.വി മാവ്‌ലങ്കറും പി.ഡബ്ളിയു.പി.ഐയുടെ ശങ്കർ ശാന്താറാം മോറെയും തമ്മിൽ. മാവ്‌ലങ്കർ ആദ്യ സ്‌പീക്കറായി.

1976: കോൺഗ്രസിന്റെ ബി.ആർ. ഭഗതും കോൺഗ്രസ് ഒ. അംഗം ജഗന്നാഥറാവു ജോഷിയും തമ്മിൽ. ഭഗത് തിരഞ്ഞെടുക്കപ്പെട്ടു.

1991: കോൺഗ്രസിന്റെ ശിവരാജ് പാട്ടീലും ബി.ജെ.പിയുടെ ജസ്‌വന്ത് സിംഗും തമ്മിൽ. ശിവ്‌രാജ് പാട്ടീൽ തിരഞ്ഞെടുക്കപ്പെട്ടു

1998: ജി.എം.സി. ബാലയോഗിയും (ടി.ഡി.പി) കോൺഗ്രസിന്റെ പി.എ. സാഗ്‌മയും തമ്മിൽ. ബാലയോഗി സ്‌പീക്കറായി.