ashfaque-chunawala-

പ്രതിസന്ധികളെല്ലാം തരണം ചെയ്‌ത് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയാൽ ജീവിതത്തിൽ വിജയം ഉറപ്പാണ്. ഇത് പ്രാവർത്തികമാക്കി വിജയം കൈവരിച്ച നിരവധിപേരാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഇവരുടെയല്ലാം ജീവിതം സാധാരണക്കാരായ ജനങ്ങൾക്ക് പ്രചോദനമാണ്. ഇത്തരത്തിൽ ധൈര്യം, നിശ്ചയദാർഢ്യം, കഠിനാധ്വാനം എന്നിവയിലൂടെ സ്വന്തം ജീവിതത്തെ മാറ്റിമറിച്ചയാളാണ് മുംബയ് സ്വദേശിയായ അഷ്‌‌ഫാഖ് ചുനാവാല.

2004ൽ ഒരു റീട്ടെയിൽ സ്റ്റോറിൽ സാധനങ്ങൾ അടുക്കിവച്ച് പ്രതിമാസം 1,500 രൂപ ശമ്പളം വാങ്ങിയിരുന്ന അഷ്‌‌ഫാഖ് ഇന്ന് വർഷം 36 കോടി രൂപ വിറ്റുവരവുള്ള ബിസിനസുകാരനാണ്. റൈഡ് - ഹെയ്‌ലിംഗ് എന്ന ആപ്പിലൂടെ കാറുകൾ ഓടിച്ചും വാടകയ്‌ക്ക് കൊടുത്തുമാണ് അദ്ദേഹം ഈ നിലയിലേക്കുയർന്നത്. 400 ക്യാബുകളാണ് ഈ 37കാരനിന്ന് സ്വന്തമായുള്ളത്. അധികം വൈകാതെ ക്യാബുകളുടെ എണ്ണം 500ആയി ഉയരുമെന്നാണ് അഷ്‌‌ഫാഖ് പറയുന്നത്.

തന്റെ കുടുംബത്തെ പോറ്റുന്നതിനായി അഷ്‌‌ഫാഖിന് പത്താം ക്ലാസിന് ശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്നു. തുടർന്നാണ് കടകളിൽ ജോലി ചെയ്യാൻ തുടങ്ങിയത്. മനസിൽ ഏറെ ആഗ്രഹങ്ങളുള്ള അഷ്‌‌ഫാഖ് പല ജോലികളും ചെയ്‌തിരുന്നു. ഒടുവിൽ വസ്‌ത്രങ്ങൾ, ചർമ സംരക്ഷണ വസ്‌തുക്കൾ എന്നിവ വിൽക്കുന്ന ഒരു കടയുടെ മാനേജറായി. എന്നാൽ, കുടുംബം നോക്കാൻ അദ്ദേഹത്തിന് ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം തികയാതെയായി. ദിനംപ്രതി കടത്തിൽ മുങ്ങിത്താഴുന്നതായി അപ്പോൾ സ്വയം തിരിച്ചറിയുകയായിരുന്നു എന്നും അഷ്‌‌ഫാഖ് പറഞ്ഞു.

2013ൽ, വളരെ യാദൃശ്ചികമായി റൈഡ് - ഹെയ്‌ലിംഗ് എന്ന ആപ്പിന്റെ പരസ്യം അഷ്‌‌ഫാഖ് കാണാനിടയായി. ഇതാണ് അദ്ദേഹത്തിന്റെ തലവര തന്നെ മാറ്റി മറിച്ചത്. ആദ്യം പാർട്ട് ടൈം ഡ്രൈവറായി ചേർന്ന അഷ്‌‌ഫാഖ് , പിന്നീട് ഒരു ചെറിയ കാർ വാങ്ങി. കടയിലെ ജോലിയും ഡ്രൈവർ ജോലിയും അദ്ദേഹം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയി. അന്ന് സ്റ്റോറിൽ നിന്ന് 35,000 രൂപ ശമ്പളവും ഡ്രൈവർ ജോലിയിൽ നിന്ന് 15,000 രൂപയുമാണ് അഷ്‌‌ഫാഖ് പ്രതിമാസം സമ്പാദിച്ചിരുന്നത്.

പിന്നീട് സഹോദരിയുടെ കൂടി സഹായത്തോടെ രണ്ടാമത്തെ കാർ വാങ്ങി. വരുമാനം വർദ്ധിച്ചതോടെ മൂന്ന് കാറുകൾ കൂടി വാങ്ങാനായി ബാങ്കിൽ നിന്നും ലോണെടുത്തു. വരുമാനത്തിൽ നിന്ന് ലോണും ബാക്കി ചെലവുകളും കഴിഞ്ഞുള്ള പണം നിക്ഷേപിക്കാൻ തുടങ്ങി. ഒടുവിൽ 400 കാറുകളിലേക്ക് അദ്ദേഹം എത്തി. സാമ്പത്തിക പരിമിതികൾക്കിടയിലും ബുദ്ധിമുട്ടുന്ന പലർക്കും ധൈര്യം നൽകാൻ അഷ്‌‌ഫാഖിന് ഇന്ന് കഴിയുന്നുണ്ട്. സ്വന്തം ജീവിതം തന്നെയാണ് അദ്ദേഹം ഇവരോടെല്ലാം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

നിരവധി തിരിച്ചടികളാണ് വിജയത്തിലേക്കുള്ള യാത്രയിൽ തനിക്ക് നേരിടേണ്ടി വന്നതെന്നാണ് അഷ്‌‌ഫാഖ് പറയുന്നത്. പ്രത്യേകിച്ച് കൊവിഡ് സമയം കഠിനമായ പരീക്ഷണമായിരുന്നുവെന്നും ഇതിലൊന്നും തോൽക്കാതെയാണ് മുന്നേറിയതെന്നും അദ്ദേഹം പറഞ്ഞു.