
മാധവി എന്നു കേൾക്കുമ്പോൾ വട്ടപ്പൊട്ടും വെള്ളാരം കണ്ണുകളും തെളിയും. ഒരുകാലത്ത് മലയാള സിനിമയിലെ മുൻ നിര നായികയായിരുന്ന മാധവിയെ മലയാളി ഒരിക്കലും മറക്കില്ല.ആകാശദൂത് സിനിമയിൽ മാധവി അവതരിപ്പിച്ച ആനി എന്ന കഥാപാത്രം അത്രത്തോളം പ്രേക്ഷകരെ കരയിച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥയിൽ ഉണ്ണിയാർച്ചയുടെ വീറും വാശിയും മറക്കാൻ കഴിയില്ല. ഹൈദരാബാദിൽ ജനിച്ച കനക വിജയലക്ഷ്മി തൂർപു പഡമാര എന്ന തെലുങ്ക് ചിത്രത്തിലൂടെ മാധവിയായി വെള്ളിത്തിരയിൽ അരങ്ങേറ്റം .ഹരിഹരൻ സംവിധാനം ചെയ്ത ലാവ എന്ന ചിത്രത്തിലൂടെയാണ് മാധവി മലയാളത്തിൽ എത്തുന്നത്.
17 വർഷത്തെ ചലച്ചിത്ര ജീവിതത്തിൽ മലയാളം ,തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ഒറിയ ഭാഷകളിൽ മൂന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ നായികയായി. ഓർമ്മയ്ക്കായി സിനിമയിലെ അഭിനയത്തിന് മികച്ച നടി എന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.വളർത്തുമൃഗങ്ങൾ, ആകാശദൂത് എന്നീ ചിത്രങ്ങൾ മികച്ച രണ്ടാമത്തെ നടി എന്ന അംഗീകാരവും. പാതി ഇന്ത്യനും പാതി ജർമ്മനുമായ റാൽഫ് ശർമ്മ എന്ന ബിസിനസുകാരനെ 1996ൽ വിവാഹം കഴിച്ചു. ആ വർഷം റിലീസ് ചെയ്ത ആയിരം നാവുള്ള അനന്തൻ സിനിമയിൽ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയോട് വിട. സിനിമയുടെ ഗ്ളാമർ ലോകം വിട്ട് യു.എസിൽ വീട്ടമ്മയായി ജീവിക്കുന്ന മാധവിയുടെ പുതിയ രൂപം കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകർ. മൂന്നു പെൺമക്കളുടെ അമ്മയാണ്.