
കേരളത്തിൽ നിന്ന് പ്രതിവർഷം 45000- ത്തോളം വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളിലെത്തുന്നത്. വിദേശ വിദ്യാഭ്യാസത്തിന് പോകുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണത്തിൽ 200 ശതമാനത്തിന്റെ വർദ്ധനവാണ് 2021-നെ അപേക്ഷിച്ച് 2022 -23-ൽ ഉണ്ടായിരിക്കുന്നത്. വിദേശ ക്യാമ്പസുകളിൽ നിലവിലുള്ള 25 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികളിൽ 2.25 ലക്ഷം പേർ മലയാളികളാണ്.
രാജ്യത്തു നിന്ന് വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം പ്രതിവർഷം ഒരു ദശലക്ഷത്തിലധികമാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക, യു.കെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങൾക്കപ്പുറം നിരവധി യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലും ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യൻ വിദ്യാർത്ഥികളെത്തുന്നുണ്ട്.
പുതിയ നയംകൊണ്ടും ഫലമില്ല
.................................................
ദേശീയ വിദ്യാഭ്യാസ നയം 2020, വർഷത്തിൽ രണ്ടു തവണ ബിരുദ പ്രവേശനം, വിദേശ സർവകലാശാലകളുമായി ചേർന്നുള്ള ട്വിന്നിങ്-ഡ്യൂവൽ-സംയുക്ത ബിരുദ പ്രോഗ്രാമുകൾ, വിദേശ സർവകലാശാലകളുടെ കാമ്പസുകൾ ഇന്ത്യയിൽ തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ, നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകൾ തുടങ്ങിയ പരിപാടികളിലൂടെ വിദ്യാർത്ഥികളെ ഇന്ത്യയിൽ പഠിക്കാൻ സർക്കാരുൾപ്പെടുന്ന ഔദ്യോഗിക സംവിധാനങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയാണ്.
വിദേശ സർവകലാശാലകളെ അനുകരിച്ച് ബിരുദധാരികൾക്ക് ഏതു വിഷയത്തിലും ബിരുദാനന്തര പഠനത്തിനുള്ള അവസരം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പും യു.ജി.സി നടത്തുന്നുണ്ട്.
ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് പുറമേ പ്ലസ് ടുവിനു ശേഷമുള്ള അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ, നഴ്‌സിംഗ്, മാനേജ്മെന്റ്, എൻജിനിയറിംഗ്, പാരാമെഡിക്കൽ പ്രോഗ്രാമുകൾക്കാണ് വിദ്യാർത്ഥികൾക്കു താത്പര്യം.
ഉയർന്ന ഗുണനിലവാരം, സാങ്കേതികവിദ്യ, പാർട്ട് ടൈം ജോലി, ഭൗതിക സൗകര്യങ്ങൾ, പഠനശേഷം തൊഴിൽ ലഭിക്കാനുള്ള സാദ്ധ്യതകൾ, വിദേശരാജ്യത്തോടുള്ള താല്പര്യം, ഗവേഷണ മികവ് എന്നിവ ലക്ഷ്യമിട്ടാണ് വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലെത്തുന്നത്. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള നൂതന കോഴ്സുകളും അവിടെയുണ്ട്.
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാനായി വിദേശ സർവകലാശാലകൾക്ക് കാമ്പസ് തുടങ്ങാനുള്ള നീക്കമുണ്ടായിരുന്നെങ്കിലും അത് പിന്നീട് ഉപേക്ഷിച്ചു.
ഉരുണ്ടുകൂടുന്ന പ്രതിസന്ധി
........................................
വിദേശ വിദ്യാഭ്യാസത്തോടുള്ള വിദ്യാർത്ഥികളുടെ അമിത താല്പര്യം കേരളത്തിൽ സാമൂഹിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. പ്രായമായ രക്ഷിതാക്കളുടെ സംരക്ഷണം, പാലിയേറ്റീവ് കെയർ എന്നിവയ്‌ക്കായി ഓൾഡ് ഏജ് കെയർ ഹോമുകളെ ആശ്രയിക്കുന്ന സ്ഥിതി കേരളത്തിലുണ്ട്.
അഭ്യസ്തവിദ്യരായ യുവതി - യുവാക്കളിൽ തൊഴിലില്ലായ്മ വർധിച്ചു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിലിത് 32 ശതമാനമാണ്. തൊഴിൽ ലഭ്യതാ സാഹചര്യം സൃഷ്ടിക്കുകയാണ് വിദേശ ഭ്രമം കുറയ്ക്കാനുള്ള പ്രധാന മാർഗം. തൊഴിൽ ലഭ്യത ഉറപ്പുവരുത്താൻ സ്കിൽ വികസനത്തിന് ഊന്നൽ നൽകേണ്ടതുണ്ട്.
മതമഹാപാഠശാലയിലേക്ക് പഠിതാക്കളെ ക്ഷണിക്കുന്നു
ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ സ്ഥാപിച്ച മതമഹാപാഠശാലയിൽ പ്രവേശനത്തിനായി എസ്.എസ്.എൽ.സി പാസായ അവിവാഹിതർക്ക് ജൂലായ് 31 നകം അപേക്ഷിക്കാം. ശ്രീനാരായണ ഗുരുദേവന്റെ സമ്പൂർണ കൃതികൾ, ഉപനിഷത്ത്, ഭഗവദ്ഗീത, ബ്രഹ്മസൂത്രം, ഷഡ്ദർശനങ്ങൾ കൂടാതെ ധർമ്മപഥം, ബൈബിൾ, ഖുർആൻ എന്നീ ഗ്രന്ഥങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1924-ൽ ശ്രീനാരായണഗുരു ഇദംപ്രഥമമായി ആലുവയിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തെത്തുടർന്ന് ഗുരുദേവൻ ശിവഗിരിയിൽ ശിലാസ്ഥാപനം ചെയ്ത് ആരംഭിച്ചിട്ടുള്ളതാണ് ഈ മതമഹാപാഠശാല. സമബുദ്ധിയോടും സമഭക്തിയോടും എല്ലാവരും എല്ലാ മതങ്ങളും പഠിക്കണമെന്ന ഗുരുവിന്റെ ഉപദേശപ്രകാരമാണ് മതമഹാപാഠശാല പ്രവർത്തിക്കുന്നത്. പഠിതാക്കളുടെ മുഴുവൻ ചെലവും ശിവഗിരി മഠം വഹിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ ബ്രഹ്മവിദ്യാലയ കമ്മിറ്റി, ശിവഗിരി മഠം, വർക്കല പി.ഒ., പിൻ - 695141 വിലാസത്തിൽ അപേക്ഷിക്കണം.
ഐ.എ.ടി ഫലം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എജ്യുക്കേഷൻ & റിസർച്ച് (IISER) പ്രവേശനത്തിനുള്ള ഐ.എ.ടി പരീക്ഷാഫലം iiseradmission.inൽ. കൗൺസലിംഗ് നടപടികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ജൂലായ് ഒന്നുവരെ രജിസ്റ്റർ ചെയ്യാം.