
നമ്മുടെ സങ്കല്പത്തിൽ ആക്രിസാധനങ്ങൾ എന്നാൽ ഒന്നിനും കൊള്ളാത്തത് എന്നാണ്. പക്ഷേ, തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ശ്രുതി ഭവനിൽ എസ് എസ് ശ്രീജിത്തിന് അവയെല്ലാം അമൂല്യങ്ങളായ വസ്തുക്കളാണ്. ഇവയുപയോഗിച്ച് ശ്രീജിത്ത് നിർമ്മിക്കുന്ന ജീവൻ തുടിക്കും ശില്പങ്ങൾക്ക് വിലയായി എന്തുകൊടുത്താലും അത് തീരെ കുറവായിരിക്കും. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ആരാധകർ ഇടിച്ചുകയറുന്നതും ശില്പങ്ങൾ നേരിട്ടുകണ്ടവരുടെ അഭിനന്ദനങ്ങളും തന്നെ അതിന് തെളിവ്.
ശാസ്ത്രീയ പരിശീലനങ്ങളുടെയോ അക്കാഡമിക് സർട്ടിഫിക്കറ്റുകളുടെയോ പിൻബലമില്ലാതെ ജന്മനാ കിട്ടിയ കഴിവുകൊണ്ടുമാത്രമാണ് ശ്രീജിത്തിന്റെ കൈകളിൽ നിന്ന് സുന്ദരശില്പങ്ങൾ പിറവിയെടുക്കുന്നതെന്ന് അറിയുമ്പോൾ ആരും അറിയാതെ കൈകൂപ്പിപ്പോകും.
ആടുജീവിതം സിനിമ റിലീസായപ്പോൾ അതിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായ നജീബിന്റെ രൂപം ശ്രീജിത്തിനെ വല്ലാതെ ആകർഷിച്ചു. ദിവസങ്ങൾക്കകം ശ്രീജിത്തിന്റെ കൈകളിലൂടെ നജീബ് ശില്പമായി പിറവിയെടുത്തു. അത് ഒറിജിനലിനെ വെല്ലുന്നതാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് അല്പംപോലും അതിശയോക്തിയാവില്ല. ഒറ്റനോട്ടത്തിലെന്നല്ല സൂക്ഷിച്ച് നോക്കിയാൽപ്പോലും അത് പ്രതിമയാണെന്ന് ആരും പറയില്ല.

ഒന്നാം ക്ളാസിൽ തുടങ്ങി
ശ്രീജിത്തിന്റെ അമ്മയുടെ അച്ഛനും സഹോദരനും കൊത്തുപണിയിലും ശില്പനിർമ്മാണത്തിലും കഴിവുള്ളവരായിരുന്നു. ആ കഴിവാണ് തനിക്കും പകർന്നുകിട്ടിയതെന്നാണ് ശ്രീജിത്ത് വിശ്വസിക്കുന്നത്. അമ്മയുടെ സഹോദരൻ കളിമണ്ണുകൊണ്ട് ശില്പമുണ്ടാക്കുന്നത് കണ്ടാണ് ശ്രീജിത്തും ശില്പമുണ്ടാക്കി തുടങ്ങിയത്. അന്ന് സ്കൂൾ ക്ളാസിൽ ചേരാൻപോലും ഉള്ള പ്രായമായില്ലെന്ന് ഓർക്കണം. സ്കൂളിലെത്തിയതോടെ ശില്പനിർമ്മാണത്തിലെ ശ്രീജിത്തിന്റെ കഴിവ് കണ്ടറിഞ്ഞ അദ്ധ്യാപകർ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. പ്രവൃത്തിപരിചയ മേളയിൽ ഉൾപ്പടെ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടിയാണ് ശ്രീജിത്ത് അദ്ധ്യാപകർക്കുള്ള പ്രത്യുപകാരം ചെയ്തത്. പ്ലസ് ടുതലം വരെ മിക്കപ്പോഴും ക്ലേ മോഡലിംഗിൽ ശ്രീജിത്തിനായിരുന്നു സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.
രണ്ട് നിരാശ, പിന്നെ...
ഇത്രയൊക്കെ സമ്മാനങ്ങളും പ്രശംസകളും സ്വന്തമാക്കിയെങ്കിലും ആഗ്രഹിച്ച രണ്ടുകാര്യങ്ങൾ ശ്രീജിത്തിന് നേടാനായില്ല. ഫൈൻ ആർട്സ് കോളേജിലെ പ്രവേശനമായിരുന്നു അതിലൊന്ന്. പ്രവേശന പരീക്ഷ വിജയിച്ചെങ്കിലും ഇന്റർവ്യൂവിൽ പരാജയപ്പെട്ടു. കിട്ടുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു എങ്കിലും കിട്ടിയില്ല. ഇതോടെ കടുത്ത നിരാശയായി. സൈന്യത്തിന്റെ ഭാഗമാകാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. നിരാശാ ബോധം കടുത്തതോടെ ജീവിക്കാൻ ഒരു തൊഴിൽ നേടാനായി പല കോഴ്സുകൾ പഠിക്കാൻ തുടങ്ങി. ഇതിനിടെ കൊവിഡും എത്തി.

കൊവിഡിനെ തുടർന്നുള്ള അടച്ചുപൂട്ടലിൽ വീട്ടിൽ വെറുയേയിരിക്കുമ്പോഴാണ് ശില്പനിർമ്മാണമുൾപ്പടെയുള്ളവയുമായി ബന്ധപ്പെട്ട ചില യുട്യൂബ് ചാനലുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇതിൽ കാണിക്കുന്നതിനെക്കാൾ മികവോടെ തനിക്ക് ശില്പങ്ങൾ ഉണ്ടാക്കാൻ കഴിയും എന്ന് വ്യക്തമായതോടെ ശ്രീജിത്ത് നല്ലൊരു മൊബൈൽ ഫോൺ വാങ്ങി. താൻ നിർമ്മിച്ച ശില്പങ്ങളുടെ വീഡിയോകൾ എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്തു. കണ്ടവർ അഭിനന്ദിച്ചുതുടങ്ങിയതോടെ ശ്രീജിത്തിന് ആത്മവിശ്വാസം കൂടി.
വിജയ് ചിത്രമായ ലിയോ റിലീസായതോടെ ചിത്രത്തിലെ ക്ലൈമാക്സ് സീനിലുള്ള കഴുതപ്പുലിയുടെ രൂപം മണ്ണിൽ നിർമ്മിച്ചു. ശരിക്കും അത് മാരക വൈറലായി. തുടർന്ന് നിർമ്മിച്ച ശില്പങ്ങളും ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി. അതോടെ ശില്പിയെ അന്വേഷിച്ച് അഭിന്ദനങ്ങൾ എത്തിത്തുടങ്ങി. ചില ചാനലുകളിലും യു ട്യൂബ് ചാനലുകളിലും ശ്രീജിത്തിനെക്കുറിച്ചുളള വാർത്തകൾ വന്നു.

സിനിമയിലെടുത്തു, പക്ഷേ
ശ്രീജിത്തിന് നാനാകോണുകളിൽ നിന്നും അഭിനന്ദനങ്ങൾ എത്തിയതോടെ സിനിമയിൽ നിന്നും വിളിയെത്തി. പക്ഷേ സ്വീകരിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ശില്പി എന്ന നിലയിൽ പേരെടുത്തിരുന്ന ശ്രീജിത്തിന് സിമന്റ് വർക്കുകൾ ഉൾപ്പടെ നിരവധി ജോലികളുടെ കരാറുകൾ ലഭിച്ചിരുന്നു. ചിലയിടങ്ങളിൽ നിന്ന് അഡ്വാൻസ് കൈപ്പറ്റിയിരുന്നു.
മാത്രമല്ല ശ്രീജിത്തിനെ വിശ്വസിച്ച് ഒപ്പം ചേർന്ന ചിലരെ ഇടയ്ക്കുവച്ച് ഇട്ടുപോകാനും തോന്നിയില്ല. ഇപ്പോഴും ഓഫർ വരുന്നുണ്ട്. തൽക്കാലം അത് സ്വീകരിക്കാൻ നിർവാഹമില്ല. ട്രിച്ചിയിൽ ഒരു വൻ വർക്കുമായി മുന്നോട്ടുപോവുകയാണിപ്പോൾ. അത് തീർന്നുകഴിഞ്ഞശേഷമേ സിനിമയെപ്പറ്റി ആലാേചിക്കാൻ കഴിയൂ എന്നാണ് ശ്രീജിത്ത് പറയുന്നത്. സിമന്റ് വർക്കുകൾ തീർക്കാൻ ഏറെസമയം വേണ്ടിവരും.

നജീബിന് രണ്ടുദിവസം
വെറും രണ്ടുദിവസം കൊണ്ടാണ് ശ്രീജിത്ത് ആടുജീവിതത്തിലെ നജീബിന്റെ രൂപം നിർമ്മിച്ചത്. മണ്ണും കരിയിലയും പഴയ തുണികളും ഉണങ്ങിയ ഇലകളും പുല്ലും ചകിരിയും അല്പം പെയിന്റും ചേരേണ്ടതുപോലെ കൂട്ടിച്ചേർത്തപ്പോൾ നജീബ് ശില്പമായി പിറവികൊണ്ടു. ജീവൻ തുടിക്കുന്ന ആ ശില്പത്തിന് സോഷ്യൽ മീഡിയയിൽ നിലയ്ക്കാത്ത കൈയടി ലഭിച്ചു. ഇത് ഒർജിനലല്ലേ എന്ന് ഒട്ടുമിക്കവർക്കും സംശയം. ഇപ്പോഴും നജീബിന് അഭിന്ദനങ്ങൾ വന്നുകാെണ്ടേയിരിക്കുന്നു.

ശ്രീജിത്തിന് പൂർണ പിന്തുണയുമായി രക്ഷാകർത്താക്കളും സഹോദരങ്ങളും പിന്നിലുണ്ട്. അതാണ് തന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്നാണ് ശ്രീജിത്ത് പറയുന്നത്. ദൈവം തൊട്ട ശ്രീജിത്തിന്റെ കൈകളിൽ നിന്ന് ജീവൻ തുടിക്കുന്ന ആയിരക്കണക്കിന് ശില്പങ്ങൾ ഇനിയും പിറവിയെടുക്കണമെന്നാണ് ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാമുള്ള ആഗ്രഹം.