
കൽപ്പറ്റ: ജ്യൂസ് കഴിച്ച യുവാക്കൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായി പരാതി. മേപ്പാടി കാപ്പംകൊല്ലി സ്വദേശികളായ കുന്നമംഗലംവയൽ സോമയിൽ ഷമീർ (30), പതിയിൽ ഫുവാദ് (30) എന്നിവരാണ് അസുഖബാധിതരായത്.
ഷമീർ കാൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഫുവാദ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ റോഡിലെ ജ്യൂസ് കടയിൽ നിന്നുമാണ് ഇവർ ജ്യൂസ് കഴിച്ചത്. പരാതിയെ തുടർന്ന് ആരോഗ്യ വിഭാഗം കടയിൽ പരിശോധന നടത്തി.
കടയിലെ വെള്ളത്തിന്റെ സാമ്പിളും പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഈ മാസം 16നാണ് ഇരുവരും ജ്യൂസ് കഴിക്കുന്നത്. വീട്ടിലെത്തിയപ്പോൾ തന്നെ പനിയും ശരീരവേദനയും അനുഭവപ്പെട്ടു. സാധാരണ പനിയാണെന്ന് കരുതി പാരസെറ്റമോൾ കഴിച്ചു. എന്നാൽ പനിയും ശരീരവേദനയും കുറയുന്നില്ല. തുടർന്നാണ് ഇരുവരും ചികിത്സ തേടിയത്.
വിവിധ പഴവർഗ്ഗങ്ങൾ കൂട്ടിച്ചേർത്ത് തയ്യാറാക്കുന്ന കോക്ടൈൽ എന്ന ജ്യൂസ് ആണ് തങ്ങൾ കഴിച്ചതെന്ന് ഷമീർ പറയുന്നു. ഇതിനുശേഷം സാധാരണ ഭക്ഷണം അല്ലാതെ മറ്റു പാനീയങ്ങൾ ഒന്നും കഴിച്ചിട്ടില്ലെന്ന് ഷമീർ പറയുന്നു.
അതേസമയം ജ്യൂസിൽ നിന്നുമാണ് രോഗം പടർന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. 100ലേറെ ജ്യൂസ് അതേദിവസം വിൽപ്പന നടത്തിയിട്ടുണ്ട്. മറ്റാർക്കും രോഗബാധ കണ്ടെത്തിയിട്ടില്ലെന്നും ഷോപ്പ് ഉടമ പറയുന്നു. കട പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കൽപ്പറ്റ നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എൻ. ബിന്ദുമോൾ പറഞ്ഞു. പരിശോധന ഫലം വന്നശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.