olympics

മുംബൈ: പാരീസ് ഒളിമ്പിക്സ് വേദിയിൽ ഇന്ത്യൻ കായിക താരങ്ങൾക്കും ആരാധകർക്കും ഒത്തുകൂടാനും ഇന്ത്യയുടെ സാംസ്കാരികവും കായികപരവുമായ ചരിത്രം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുമുള്ള വേദിയായി ഇന്ത്യ ഹൗസ് ഒരുങ്ങുന്നു. പാരീസിലെ ഐക്കണിക് പാർക്കിൽ ആതിഥേയരായ ഫ്രാൻസ്, ഹോളണ്ട്,ബ്രസീൽ തുടങ്ങി 14 രാജ്യങ്ങൾ ഒരുക്കുന്ന കൺട്രി ഹൗസുകളിൽ ഒന്നാണ് ഇന്ത്യയുടേത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുവേണ്ടി റിലയൻസ് ഫൗണ്ടേഷനാണ് ഇന്ത്യ ഹൗസ് എന്ന് പേരിട്ടിരിക്കുന്ന സംരഭത്തിന് പിന്നിൽ. ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗം കൂടിയ റിലയൻസ് ഉണ്ടേഷൻ സഹ ഉ‌ടമ നിത അംബാനിയാണ് ഇതിന് പിന്നിൽ.

ഐക്കണിക് പാർക്ക് ഡി ലാ വില്ലെറ്റിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യ ഹൗസ് നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം , കല, കായികം, യോഗ, കരകൗശലവസ്തുക്കൾ, സംഗീതം, മറ്റ് പ്രകടനങ്ങൾ തുടങ്ങി ഭക്ഷണവൈവിദ്ധ്യം വരെ ആരാധകർക്ക് ആസ്വദിക്കാനുള്ള പവിലിയനായി മാറും. അത്‌ലറ്റുകൾക്കും ആരാധകർക്കും ഇന്ത്യയുടെ വിജയങ്ങൾ ഇവിടെയിരുന്ന് ആഘോഷമാക്കാം. സന്ദർശകർക്ക് കായിക ഇതിഹാസങ്ങളുമായി സംവദിക്കാനുള്ള ഇടവും ലഭിക്കും. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള മാധ്യമങ്ങൾക്കും ആരാധകർക്കുമായി ഇന്ത്യ ഹൗസ് തുറന്നിരിക്കും.

ഇന്ത്യാ ഹൗസ് പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യൻ ആരാധകരുടെയും കായികതാരങ്ങളുടെയും പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി.ഉഷ പറഞ്ഞു.