europe

ഏഥന്‍സ്: തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതോടെ പ്രതിസന്ധിയിലാണ് ഗ്രീസിലെ കാര്‍ഷിക മേഖല. തോട്ടങ്ങളില്‍ വിളവെടുപ്പ് ഉള്‍പ്പെടെയുള്ള ജോലികള്‍ ഇപ്പോള്‍ അവതാളത്തിലാണ്. ഇതോടെ കാര്‍ഷിക മേഖലകളിലേക്ക് കൂടുതല്‍ തൊഴിലാളികളെ എത്തിക്കുന്നതിനായി വിസ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം ശക്തമാകുകയാണ് ഗ്രീസില്‍. കാര്‍ഷിക മേഖലയിലെ സംരംഭകര്‍ സര്‍ക്കാരിനോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നത് അടിയന്തരമായി 1.80 ലക്ഷം തൊഴിലാളികളെ കൃഷിപ്പണിക്ക് ആവശ്യമുണ്ടെന്നാണ്.

കുറച്ച് കാലമായി സാമ്പത്തിക അസന്തുലിതാവസ്ഥയിലൂടെ കടന്ന് പോകുന്ന ഗ്രീസിനെ സംബന്ധിച്ച് തൊഴിലാളികളുടെ എണ്ണത്തിലുള്ള കുറവ് കാര്‍ഷിക മേഖലയിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തൊഴിലാളിക്ഷാമം മറികടക്കാന്‍ ഈജിപ്തില്‍ നിന്ന് 5,000 തൊഴിലാളികളെ കൊണ്ടുവരാന്‍ ഗ്രീസ് കരാറിലൊപ്പിട്ടിരുന്നു. കൂടുതല്‍ തൊഴിലാളികളെ എത്തിക്കാന്‍ വീസ നിയന്ത്രണങ്ങളില്‍ ഇളവു വേണമെന്നാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.

ഈ വര്‍ഷം 1.5 ലക്ഷം റെസിഡന്റ്സ് പെര്‍മിറ്റ് അനുവദിക്കാനാണ് ഗ്രീസ് ലക്ഷ്യമിടുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് തൊഴിലാളി ക്ഷാമമുള്ള മേഖലകളില്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയായ യുവാക്കളുടെ നാടുവിടല്‍ ഗ്രീസിലും വര്‍ദ്ധിക്കുന്നതാണ് തൊഴില്‍ മേഖലയില്‍ ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിക്കുന്നത്.