hiv

മീററ്റ്: വിവാഹത്തട്ടിപ്പുകാരിയായ യുവതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രണ്ട് സംസ്ഥാനങ്ങളില്‍ എച്ച്‌ഐവി പരിശോധന വ്യാപകമാക്കി ആരോഗ്യവകുപ്പ്. വിവാഹം കഴിഞ്ഞ് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത ശേഷം സ്ഥലം വിടുന്ന തട്ടിപ്പ് സംഘത്തിലെ യുവതിയാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ പിടിയിലായത്. ആറ് പ്രതികള്‍ ഉള്‍പ്പെടുന്ന തട്ടിപ്പ് സംഘത്തേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് യുവതി വിവാഹത്തട്ടിപ്പ് നടത്തിയിരുന്നത്.

പ്രതികളെ പിടികൂടിയ ശേഷം നടത്തിയ വൈദ്യപരിശോധനയിലാണ് യുവതി എച്ച്‌ഐവി ബാധിതയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ആന്റി റെട്രോ വൈറല്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായി യുപിയിലെ മുസാഫര്‍നഗര്‍ ജയില്‍ സൂപ്രണ്ട് സീതാറാം ശര്‍മ്മ അറിയിച്ചു. യുവതിക്ക് രോഗബാധ തെളിഞ്ഞതോടെ രണ്ട് സംസ്ഥാനങ്ങളിലും ഇവര്‍ വിവാഹം കഴിച്ച ശേഷം മുങ്ങിയ സ്ഥലങ്ങളിലേക്ക് പൊലീസ് സംഘം അന്വേഷണം നടത്തി. ഇവിടങ്ങളിലെ ആരോഗ്യ വകുപ്പിനെ വിഷയം അറിയിക്കുകയും ചെയ്തു.

ഇതിന് ശേഷം ഇവരുടെ വിവാഹത്തട്ടിപ്പിന് ഇരയായ പുരുഷന്‍മാരെ കണ്ടെത്തിവരികയാണ് പൊലീസ്. യുവതിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ട മൂന്ന് പുരുഷന്മാരെ കണ്ടെത്തിയെന്നും ഇവര്‍ക്ക് എച്ച്.ഐ.വി. സ്ഥിരീകരിച്ചതായും ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് അറിയിച്ചു. ഉദ്ധം സിങ് നഗറിലാണ് എന്‍.ജി.ഒയുടെ സഹായത്തോടെ ആരോഗ്യവകുപ്പ് ഇവര്‍ക്ക് പരിശോധന നടത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ച പുരുഷന്‍മാരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

പ്രായം 20 പിന്നിട്ട യുവതിയാണ് തട്ടിപ്പുകാരിയെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മ ഉള്‍പ്പെടെയുള്ളവരാണ് വിവാഹത്തട്ടിപ്പ് സംഘത്തിലെ അംഗങ്ങള്‍. വധുവിന്റെ ബന്ധുക്കളായെത്തിയാണ് സംഘം വിവാഹം നടത്തുക. ഇരകളാക്കപ്പെടുന്നവര്‍ക്ക് യാതൊരു സംശയത്തിനും ഇടനല്‍കാത്ത വിധമാണ് ഇവര്‍ രണ്ട് സംസ്ഥാനങ്ങളിലേയും വിവിധ പ്രദേശങ്ങളില്‍ വിവാഹത്തട്ടിപ്പ് നടത്തിവന്നിരുന്നത്. താന്‍ അഞ്ച് പുരുഷന്‍മാരെ വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇവരില്‍ മൂന്നുപേര്‍ ഉത്തരാഖണ്ഡില്‍ നിന്നുള്ളവരാണ്. വിശദമായ അന്വേഷണത്തിലാണ് പൊലീസ്.