
ലാഹോര്‍: ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഗയാനയില്‍ വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ലോകകപ്പില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ഇന്ത്യന്‍ ടീമിനെതിരെ പരിഹാസ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലും പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ ബൗളര്‍മാര്‍ നാട്ടിലെ ലോകകപ്പില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ഇന്ത്യക്ക് പ്രത്യേകം പന്ത് നല്‍കുന്നു എന്നായിരുന്നു ആരോപണം.
ഇപ്പോഴിതാ സമാനമായ ആരോപണം ആണ് വീണ്ടും ഉയരുന്നത്. സൂപ്പര്‍ എട്ടിലെ ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിംഗിന് റിവേഴ്‌സ് സ്വിംഗ് ലഭിക്കുന്നതിന് വേണ്ടി പന്തില്‍ കൃത്രിമം നടത്തിയെന്ന ആരോപണമാണ് ഉയരുന്നത്. പാകിസ്ഥാന്‍ നേരത്തെ തന്നെ തോറ്റ് നാട്ടിലേക്ക് മടങ്ങിയത് കൊണ്ട് അവിടെ നിന്ന് അത്തരം ആരോപണങ്ങള്‍ വരുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഇത്തവണ അങ്ങനെയൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത് കളിക്കളത്തില്‍ മാന്യതയുടെ പര്യായമായി അറിയപ്പെടുന്ന മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് ആണ് എന്നതാണ് ശ്രദ്ധേയം.
ഓസ്‌ട്രേലിയക്കെതിരെ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീം പന്തില്‍ കൃത്രിമം കാണിച്ചു എന്നാണ് ഇന്‍സമാം ആരോപിച്ചത്. ടീം പന്തില്‍ കൃത്രിമം കാണിച്ചതോടെയാണ് അര്‍ഷ്ദീപ് സിംഗിന് റിവേഴ്സ് സ്വിങ് ലഭിച്ചതെന്നും ഇന്‍സമാം ആരോപിക്കുന്നു.'അര്‍ഷ്ദീപ് സിംഗ് ഇന്നിംഗ്സിലെ 15-ാം ഓവര്‍ എറിയുമ്പോള്‍ റിവേഴ്സ് സ്വിംഗ് ലഭിച്ചിരുന്നു എന്ന വസ്തുത ആര്‍ക്കും തള്ളാനാവില്ല. 12-13 ഓവര്‍ ആയപ്പോഴാണോ പന്ത് റിവേഴ്സ് സ്വിങ് ചെയ്യാന്‍ പാകമായത്. അംപയര്‍മാര്‍ കണ്ണ് തുറന്ന് നോക്കണം. അര്‍ഷ്ദീപ് ആ സമയത്ത് റിവേഴ്സ് സ്വിങ് നടത്തണമെങ്കില്‍ പന്തില്‍ ചിലത് ചെയ്തിരിക്കണം'
പാകിസ്ഥാനിലെ ഒരു ടെലിവിഷന്‍ ചാനലിനോട് സംസാരിക്കുമ്പോഴാണ് ഇന്‍സമാം ഇങ്ങനെ പറഞ്ഞത്. ഇന്ത്യന്‍ താരങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും ഇന്ത്യന്‍ ക്രിക്കറ്റിനെ ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയെന്ന പേരിലാണ് ഹഖ് അറിയപ്പെടുന്നത്. അദ്ദേഹത്തില്‍ നിന്ന് ഇത്തരമൊരു ഉണ്ടയില്ലാ വെടി ഉയര്‍ന്നത് ക്രിക്കറ്റ് ലോകത്തേയും ഞെട്ടിച്ചിരിക്കുകയാണ്.