kerala-bank

തിരുവനന്തപുരം: കേരളബാങ്കിന് 209കോടിയുടെ അറ്റാദായം. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കാണിത്. തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണ് ബാങ്ക് ലാഭം കൈവരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ബിസിനസ് 101194 കോടി രൂപയില്‍ നിന്നും 116582 കോടി രൂപയായി ഉയര്‍ന്നു.

പുതുതായി 19601 കോടി രൂപയുടെ വായ്പ അനുവദിച്ചു. കാര്‍ഷിക മേഖലയില്‍ 99200 വായ്പകളും ചെറുകിട സംരംഭ മേഖലയില്‍ 85000ത്തിലധികം വായ്പകളും ബാങ്ക് നല്‍കി. മൂലധന പര്യാപ്തത 10.32%മായി ബാങ്ക് നിലനിറുത്തി. റിസര്‍വ് ബാങ്ക് മാനദണ്ഡപ്രകാരം മൂലധന പര്യാപ്തത 9% ആണ് വേണ്ടത്. ഇക്കാര്യത്തില്‍ നിലവില്‍ ബാങ്കിന്റെ സ്ഥിതി സുരക്ഷിതമാണ്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് 10335 കോടി രൂപയുടെ വായ്പ അനുവദിച്ചു. മൊത്തം വായ്പയില്‍ 21% ആണിത്.

2019 നവംബര്‍ 29ന് കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ ബാങ്കിന്റെ സഞ്ചിത നഷ്ടം 1151 കോടി രൂപ ആയിരുന്നു. നിഷ്‌ക്രിയ ആസ്തി 8834 കോടി രൂപയും (23.39%). 2024 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം ബാങ്കിന്റെ സഞ്ചിത നഷ്ടം 477 കോടി രൂപയും നിഷ്‌ക്രിയ ആസ്തി 11.45 ശതമാനവുമാണ്.നിലവില്‍ ബാങ്കിന് കാര്‍ഷിക മേഖലയില്‍ 24.65%ആണ് വായ്പാനില്‍പ്പുബാക്കി. ഇത് ഈ വര്‍ഷം 30% ആക്കി ഉയര്‍ത്തും.

ഗ്രേഡ് മാറ്റം ബാങ്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല

നബാര്‍ഡ് ഇന്‍സ്പെക്ഷന്‍ ഗ്രേഡുമായി ബന്ധപ്പെട്ട വിഷയം സഹകരണ ബാങ്കുകളുടെ സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ നബാര്‍ഡ് വര്‍ഷാവര്‍ഷം ബാങ്കില്‍ ഇന്‍സ്പെക്ഷന്‍ നടത്താറുണ്ട്. ഇത് ഒരു സാധാരണ നടപടിക്രമമാണ്. 2022-23 സാമ്പത്തിക വര്‍ഷത്തെ ഇന്‍സ്പെക്ഷനെ തുടര്‍ന്ന് നടത്തിയ റേറ്റിംഗിലാണ് ബാങ്കിന്റെ റേറ്റിംഗ് 'ബി'യില്‍ നിന്ന് 'സി' ആക്കി മാറ്റിയത്. ഇത്തരത്തിലുള്ള മാറ്റം ബാങ്കിന്റെ പ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിക്കുന്നതല്ല.

ബാങ്ക് അനുവദിക്കുന്ന വ്യക്തിഗത വായ്പകള്‍, മോര്‍ട്ട്ഗേജ് വായ്പകള്‍ എന്നിവയുടെ പരമാവധി പരിധി 40ലക്ഷം രൂപയില്‍ നിന്നും 25ലക്ഷം രൂപയായി കുറയുമെന്ന് മാത്രം. ബാങ്കിന് 48000 കോടി രൂപയുടെ വായ്പയുണ്ട്. ഇതില്‍ ഏകദേശം 3 ശതമാനം വായ്പകള്‍ മാത്രമാണ് വ്യക്തിഗത വായ്പകള്‍. പദ്ധതിയുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക വായ്പ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പരിധിയില്ലാതെയും വ്യക്തികള്‍ക്ക് ഭവന വായ്പ 75 ലക്ഷം രൂപ വരെയും കേരള ബാങ്ക് അനുവദിക്കുന്നുണ്ട്.