pic

മെക്സിക്കോ സിറ്റി: 2021 മേയ് 29 രാത്രി....മെക്സിക്കോയിലെ സാന്റാ മരിയ പ്രദേശത്ത് ഒരു ഭീമൻ ഗർത്തം ( സിങ്ക‌്ഹോൾ) രൂപപ്പെട്ടു. വയൽ പ്രദേശത്തിന്റെ മദ്ധ്യത്ത് പാതി വെള്ളം നിറഞ്ഞ നിലയിലാണ് ഗർത്തം രൂപപ്പെട്ടത്. 10 അടി മാത്രം വിസ്തൃതിയുണ്ടായിരുന്ന ഗർത്തം മണിക്കൂറുകൾക്കുള്ളിൽ 300 അടിയിലേറെ വ്യാസമായി വികസിക്കുകയായിരുന്നു. ജൂൺ 10 ആയപ്പോൾ ഗർത്തത്തിന്റെ വ്യാസം 400 അടിയായി. ഏകദേശം 50 അടി ആഴവുമുണ്ടായിരുന്നു.

70,000 ചതുരശ്ര അടിയോളം കൃഷി ഭൂമിയെ ഗർത്തം വീഴുങ്ങിക്കളഞ്ഞു. ചുറ്റുമുള്ള മണ്ണിടിഞ്ഞ് ഗർത്തത്തിലേക്ക് വീഴുന്നത് സമീപ പ്രദേശങ്ങളിലെ വീടുകൾക്ക് ഭീഷണിയായി മാറി. അതിഭീകരമായ മുഴക്കത്തോടെയാണ് മണ്ണിടിഞ്ഞ് ഗർത്തം രൂപപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ഇടിമിന്നലിന്റെ ശബ്ദത്തോടാണ് ഗർത്തം രൂപപ്പെട്ട സന്ദർഭത്തെ കൃഷിയിടത്തിന്റെ ഉടമ വിവരിച്ചത്. അടുത്തെത്തി നോക്കിയപ്പോഴാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഗർത്തം എന്ത് കൊണ്ട് രൂപപ്പെട്ടു എന്നതിന് കൃത്യമായ ഉത്തരം ഇപ്പോഴുമില്ല. സാധാരണയായി ജലാംശം കൂടിയ വയലിലും കൃഷിയിടങ്ങളിലും അടിയിലെ മണ്ണ് ഒഴുകി പോകുന്ന പ്രതിഭാസമായിരിക്കാം ഇവിടെയും സംഭവിച്ചതെന്ന നിഗമനമാണുള്ളത്. സമീപത്ത് കൂടി ഒഴുകുന്ന ബൽസാസ് നദിയുടെ സാന്നിദ്ധ്യവും ഗർത്തം രൂപപ്പെടുന്നതിനെ സ്വാധീനിച്ചിരിക്കാമെന്ന് കരുതുന്നു. ഗർത്തം പ്രത്യക്ഷപ്പെട്ട സ്ഥലം നൂറ്റാണ്ടുകൾക്ക് മുമ്പ് ചതുപ്പുകൾ നിറഞ്ഞ തടാക പ്രദേശമായിരുന്നു.ടൂറിസ്റ്റുകൾ മേഖലയിലേക്ക് വരരുതെന്ന് നിർദ്ദേശിച്ച മെക്സിക്കൻ സർക്കാർ ഗർത്തത്തിന് മുകളിലൂടെ ഡ്രോൺ പറത്തുന്നതിന് നിരോധനവും ഏർപ്പെടുത്തി.