pavithra-

ബംഗളൂരു: രേണുക സ്വാമി വധക്കേസിൽ കന്നഡ സൂപ്പർസ്റ്റാർ ദർശൻ തൂഗുദീപയ്‌ക്കൊപ്പം അറസ്റ്റിലായ നടി പവിത്രയെ മേക്കപ്പ് ചെയ്യാൻ അനുവദിച്ച പൊലീസ് ഉദ്യോഗസ്ഥയ്‌ക്ക് നോട്ടീസ്. വനിതാ സബ് ഇൻസ്‌പെക്‌ടർക്കാണ് ബംഗളൂരു വെസ്റ്റ് ഡിസിപി നോട്ടീസ് അയച്ചത്.

പവിത്രയെ ബംഗളുരുവിലെ വസതിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം വീട്ടിൽ നിന്ന് മടങ്ങുമ്പോൾ പവിത്ര ലിപ്‌സ്റ്റിക്കും മേക്കപ്പും ഉപയോഗിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് വ്യാപകമായി പ്രചരിക്കുകയും പൊലീസിനെതിരെ വിമർശനം ഉയരുകയും ചെയ്‌തിരുന്നു.

ദർശന്റെ ആരാധകനായ രേണുക സ്വാമിയുടെ (33) കൊലപാതകത്തിൽ അറസ്റ്റിലായിട്ടും യാതൊരു കൂസലുമില്ലാതെയുള്ള പവിത്ര ഗൗഡയുടെ പെരുമാറ്റം ചർച്ചയായതോടെയാണ് അനാസ്ഥ ചൂണ്ടിക്കാട്ടി ഡിസിപി ഓഫീസിൽ നിന്ന് എസ്‌ഐക്ക് നോട്ടീസ് നൽകുകയും വിശദീകരണം തേടുകയുമായിരുന്നു. പവിത്രയ്‌ക്ക് മേക്കപ്പിടാൻ എസ്‌ഐ സൗകര്യം ചെയ്‌തതുകൊടുത്തു എന്നാണ് കണ്ടെത്തൽ.

'പവിത്ര എല്ലാ ദിവസവും രാത്രി അവരുടെ സ്വന്തം വീട്ടിൽ തങ്ങാറുണ്ടായിരുന്നു. അവിടെ മേക്കപ്പ് ബാഗുമുണ്ടാവും. വനിതാ എസ്‌ഐ എല്ലാ ദിവസവും രാവിലെ അവിടെപോയി പവിത്രയെ കൂട്ടി എപി നഗർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുമായിരുന്നു. പവിത്രയെ എസ്‌ഐ നിരീക്ഷിക്കുകയോ മേക്കപ്പ് ഇടുന്നതിൽ നിന്ന് തടയുകയോ ചെയ്‌തില്ല. വീഴ്‌ചയുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാനാവശ്യപ്പെടട് എസ്‌ഐയ്‌ക്ക് നോട്ടീസ് നൽകിയിട്ടുണ്ട് ', ഡിസിപി ഗിരീഷ് പറഞ്ഞു.

രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് പവിത്ര. ദർശൻ ഒന്നാം പ്രതിയാണ്. പവിത്രയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിലെ രോഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജൂൺ ഒമ്പതിന് സുമനഹള്ളിയിലെ ഒരു അപ്പാർട്ട്മെന്റിന് സമീപമുള്ള ഓടയ്‌ക്ക് സമീപത്ത് നിന്നാണ് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ ദർശനും പവിത്രയും കൂടാതെ 15 പേർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.