mohanlal

മലയാളത്തിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നടനാണ് ശങ്കർ. സംവിധായകനായും നിർമാതാവായും താരം സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലുമായുളള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ശങ്കർ. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലേതാണ് വെളിപ്പെടുത്തലുകൾ.

'കാസനോവ എന്ന ചിത്രത്തിലാണ് മോഹൻലാലും ഞാനും അവസാനമായി ഒരുമിച്ച് അഭിനയിക്കുന്നത്. അതിനുമുൻപ് 'ഇവിടം സ്വർഗമാണ്'എന്ന ചിത്രത്തിലും അഭിനയിച്ചു. സിനിമയിലേക്ക് ഞങ്ങൾ ഏകദേശം ഒരേകാലത്താണ് കടന്നുവരുന്നത്. ഒതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ഞാനും മോഹൻലാലുമായുളള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുപ്പതോളം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. മമ്മൂക്കയോടും അതുപോലൊരു സൗഹൃദമുണ്ട്. ഒരുപാട് സിനിമകൾ മമ്മൂക്കയോടൊപ്പവും ചെയ്തിട്ടുണ്ട്.

ഒരു കാലഘട്ടത്തിൽ അഭിനയം നിർത്തി കുറച്ച് കഴിഞ്ഞ് തിരികെ വരാമെന്ന് തീരുമാനിച്ചിരുന്നു. ചിലപ്പോൾ അത് എന്റെ തെ​റ്റായ തീരുമാനമായിരിക്കാം. മോഹൻലാലിന്റെ സ്‌​റ്റൈൽ എപ്പോഴും വേറെയാണ്. എപ്പോഴും തമാശയായിരിക്കും. ചിലപ്പോൾ നിശബ്ദനായും മോഹൻലാലിനെ കാണാൻ സാധിക്കും. ലാൽ അഭിനയിക്കുമ്പോൾ നമുക്ക് തോന്നും ഇതൊക്കെ ചെയ്യുമോയെന്ന്. പക്ഷെ ക്യാമറയുടെ മുൻപിൽ വന്നുകഴിഞ്ഞാൽ ആള് മുഴുവനായി മാറും. ചെയ്യുന്നത് പെർഫക്ടായിരിക്കും. കോമഡിയായാലും റൊമാൻസായാലും അങ്ങനെ ഏത് കഥാപാത്രമായാലും പെർഫക്ട് ആയിരിക്കും. ആക്ഷനൊക്കെ ചെയ്യുന്നത് പ്രതീക്ഷിക്കുന്നതിലുമപ്പുറമായിരിക്കും.

ഞങ്ങൾ 'ഹലോ മദ്രാസ് ഗേൾ' എന്ന സിനിമ ചെയ്യുന്ന സമയത്ത് മോഹൻലാൽ വില്ലനായിട്ടും ഞാൻ നായകനായിട്ടുമാണ് അഭിനയിച്ചത്. അതിൽ ഒരു സീനുണ്ട്. ഞങ്ങൾ തമ്മിൽ സംഘട്ടനം നടക്കുന്നതാണ് സീൻ. അടികൂടി ഒരു കെട്ടിടത്തിന്റെ മുകളിൽ വരെയെത്തും. സീൻ ചെയ്യുന്നതിനിടയ്ക്ക് സംവിധായകൻ വില്യംസ് നിർത്താൻ ആവശ്യപ്പെട്ടു. ആറ് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടണമെന്ന് പറഞ്ഞു. എന്നെക്കൊണ്ട് പ​റ്റില്ലെന്ന് ഞാൻ പറഞ്ഞു. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. അതുകേട്ടപ്പോഴേ എനിക്ക് പേടിയാകാൻ തുടങ്ങി. അപ്പോൾ ലാൽ ചാടാമെന്ന് പറഞ്ഞു. അപ്പോൾ ഞാനും സമ്മതിച്ചു. ലാൽ പാർക്കർ ജെംമ്പിംഗാണ് നടത്തിയത്. ഞാൻ നേരെ ചാടി. അതിൽ നിന്നുതന്നെ ലാലിന്റെ സിനിമയോടുളള ആത്മാർത്ഥത മനസിലാക്കാം'- ശങ്കർ പറഞ്ഞു.