accident

കൊല്ലം: അഞ്ചൽ - ആയൂർ റൂട്ടിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ലോറി ഡ്രെെവർ വെളിയം സ്വദേശി ഷിബുവാണ് (37) മരിച്ചത്. അഞ്ചൽ - ആയൂർ പാതയിൽ കെെപ്പള്ളിമുക്ക് ഐസ് പ്ലാന്റിന് സമീപത്താണ് അപകടം നടന്നത്. സംഭവത്തിൽ 14 പേർക്ക് പരിക്കേറ്റു.

മല്ലപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആയൂരിൽ നിന്ന് അഞ്ചലിലേക്ക് റബ്ബർ തെെകളുമായി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.

അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രെെവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ബസ് സമീപത്തെ കെെത്തോട്ടിലേക്ക് ഇടിച്ചു കയറി. നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറിയിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് സാരമായി പരിക്കേറ്റതായാണ് വിവരം.