
പേയാട്: ദേവപരിവേഷമുള്ള കടമ്പുമരം പൂത്തു. പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലാണ് കടമ്പുമരം പൂത്തുലഞ്ഞ് നിൽക്കുന്നത്.15 വർഷം മുമ്പ് നട്ട കടമ്പ് കഴിഞ്ഞ 4 വർഷമായി മുടങ്ങാതെ പൂവിടുന്നു. ചെറിയ പന്തുപോലെ തൂങ്ങിക്കിടക്കുന്ന പൂക്കൾക്ക് ഒന്നോ രണ്ടോ ദിവസം മാത്രമാണ് ആയുസെന്ന് സ്കൂൾ മനേജർ ആനന്ദ് കണ്ണശ, ഹെഡ്മിസ്ട്രസ് അമൃത ജയദേവൻ എന്നിവർ പറഞ്ഞു.
വെള്ളകലർന്ന ചന്ദന നിറമുള്ള പൂക്കൾക്ക് ചെറുസുഗന്ധവുമുണ്ട്. ഹിന്ദുമതത്തിൽ ദേവ വൃക്ഷമാണ് കടമ്പ്. വൃക്ഷ ആരാധനയിലും കൃത്യമായ സ്ഥാനമുണ്ട്. കൃഷ്ണനും രാധയും പ്രണയസല്ലാപങ്ങൾ നടത്തിയിരുന്നത് കടമ്പുമരത്തിനു ചുവട്ടിലായിരുന്നു. കടമ്പിൻ്റെ കൊമ്പിൽ കയറിയാണ് കൃഷ്ണൻ കാളിയമർദനത്തിന് യമുനയാറ്റിൽ ചാടിയത്. ഇങ്ങനെ ഒട്ടനവധി ഐതീഹ്യങ്ങൾ കടമ്പിന് പറയാനുണ്ട്.
പക്ഷിരാജൻ ഗരുഡൻ ദേവലോകത്തുനിന്ന് അമൃതുമായി വരുന്നവഴി യമുന നദിക്കരയിലെ കടമ്പിൻ കൊമ്പിലാണ് വിശ്രമിച്ചത്. ആ സമയം അൽപം അമൃത് മരച്ചില്ലയിൽ വീഴാനിടയായി. പിന്നീട്, കാളിയന്റെ വിഷമേറ്റ് യമുന നദിക്കരയിലെ സസ്യങ്ങളെല്ലാം കരിഞ്ഞുപോയപ്പോൾ കടമ്പുമരം മാത്രം ബാക്കിയായി. അമൃത് വീണതിനാലാണ് മരം കരിയാത്തതെന്നും കഥകൾ. കടമ്പിൻ്റെ തൊലി, പൂവ്, കായ, വേര് എന്നിവ ഔഷധഗുണം നിറഞ്ഞതാണ്. കടമ്പിൻ പൂക്കൾ പൂജയ്ക്കും സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.