chicken

നോൺ വെജ് ഭക്ഷണങ്ങൾ കഴിക്കുന്നവർക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ചിക്കൻ വിഭവങ്ങൾക്കായിരിക്കും. ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയാൽ സ്റ്റാർട്ടേഴ്‌സ് മുതൽ പ്രധാന വിഭവങ്ങളിൽ വരെ ചിക്കന്റെ സാന്നിദ്ധ്യം ഉണ്ട്. ചിക്കൻ ഉപയോഗിച്ച് പരീക്ഷിക്കാവുന്ന നിരവധി വിഭവങ്ങൾ യൂട്യൂബിലും ലഭ്യമാണ്. മാത്രമല്ല, പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യം സംരക്ഷിക്കുന്നവരിൽ ഭൂരിഭാഗവും ചിക്കൻ ദിവസവും കഴിക്കുന്നു. എന്നാൽ, ദിവസവും ചിക്കൻ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്നാണ് പുതിയ കണ്ടെത്തൽ.

നിങ്ങൾ എങ്ങനെയാണ് ചിക്കൻ കഴിക്കുന്നത് എന്നതാണ് പ്രശ്‌നം. നിങ്ങൾ എണ്ണയിൽ വറുത്ത ചിക്കൻ സ്ഥിരമായി കഴിച്ചാൽ കൊളസ്‌ട്രോളിന്റെ അളവ് തീ‌ച്ചയായും വർദ്ധിക്കും. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നതനുസരിച്ച്, റെഡ് മീറ്റ് പോലെ തന്നെ വറുത്ത ചിക്കനും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കുന്നു എന്നാണ്. എന്നാൽ, ഗ്രിൽ ചെയ്‌തോ വേവിച്ചോ കഴിക്കുന്നത് വളരെ നല്ലതാണ്.

ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കാനും ചിക്കൻ കഴിക്കുന്നതിലൂടെ സാധിക്കുന്നു. അതിനാൽ, ചൂടുകാലത്ത് ഒരിക്കലും ചിക്കൻ അമിതമായി കഴിക്കാൻ പാടില്ല. ചിലർക്ക് സ്ഥിരമായി കോഴിയിറച്ചി കഴിക്കുമ്പോൾ മൂക്കിൽ നിന്ന് രക്തം വരുന്ന പ്രശ്‌നം അനുഭവപ്പെടാറുണ്ട്. അതിന് കാരണവും ഇതാണ്. ഇങ്ങനെ വന്നുകഴിഞ്ഞാൽ കുറച്ച് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ചിക്കൻ കഴിക്കാവുന്നതാണ്.

സ്ഥിരമായി ചിക്കൻ കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകുന്നു. പ്രത്യേകിച്ച്, ചിക്കൻ ബിരിയാണി, ബട്ടർ ചിക്കൻ, ഫ്രൈഡ് ചിക്കൻ തുടങ്ങിയ വിഭവങ്ങൾ കഴിക്കുന്നവരിൽ. ഇവ ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളാണ്. അതിനാൽ, കൊളസ്‌ട്രോൾ വർദ്ധിക്കാൻ കാരണമാകുന്നു. എന്നാൽ, വല്ലപ്പോഴും കഴിക്കുന്നതുകൊണ്ട് തെറ്റില്ല.

ചില ഇനം കോഴികൾ കഴിക്കുന്നത് യൂറിനറി ഇൻഫെക്‌ഷന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജിയുടെ ജേണലായ mBioൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ചാണിത്. E.coli യുടെ ഒരു പ്രത്യേക സ്‌ട്രെയിൻ ചില ചിക്കനിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയാണ് അണുബാധയ്‌ക്ക് കാരണമാകുന്നത്. ചിക്കൻ കഴിച്ച 2,452പേരുടെ സാമ്പിൾ പരിശോധിച്ചപ്പോൾ അതിൽ 80 ശതമാനം പേരിലും E.coli യുടെ സാന്നിദ്ധ്യം കണ്ടെത്തി. ഈ പ്രശ്‌നം ഉണ്ടാകാതിരിക്കാൻ മരുന്നുകൾ കുത്തിവച്ച് വളർത്താത്ത കോഴിയുടെ ഇറച്ചി കഴിക്കണമെന്നും അതിൽ പറഞ്ഞിട്ടുണ്ട്.