
വളരെ ചെറിയ കാര്യങ്ങളുടെ പേരിലാണ് സമൂഹത്തിൽ വിവാഹബന്ധങ്ങൾ വേർപിരിയുന്നതെന്ന് പ്രശസ്ത ആസ്‌ട്രോളജർ ഹരി പത്തനാപുരം. ഇതിൽ ഏറ്റവും കൂടുതൽ ഡിവോഴ്‌സ് നടക്കുന്നത് ഹിന്ദു കുടുംബങ്ങളിലാണെന്നും അദ്ദേഹം പറയുന്നു. പൊരുത്തം നോക്കൽ എന്നുപറഞ്ഞാൽ പത്തിൽ എട്ട് പൊരുത്തം എന്ന് പറഞ്ഞുകൊടുക്കേണ്ടവരല്ല ജ്യോത്സ്യന്മാർ . പ്രീമാര്യേജ് കൗൺസിലേഴ്‌സ് ആയിരിക്കണം ജ്യോത്സ്യന്മാർ എന്നും ഹരി വിശദീകരിക്കുന്നു.
''പൊരുത്തം നോക്കാതെ കല്യാണം കഴിച്ച് ജീവിക്കുന്ന എത്രയോപേരുണ്ട്. എനിക്കുതോന്നുന്നു ഏറ്റവും കൂടുതൽ ഡിവോഴ്‌സ് നടക്കുന്നത് ഹിന്ദുക്കൾക്കിടയിലാണ്. കോടതി വ്യവഹാരങ്ങളുടെ സംഖ്യപരിധോധിച്ചാൽ അറിയാം. അതിൽ പത്തിൽ പത്ത് പൊരുത്തമുള്ളവരുമുണ്ട്. ഒരു ദിവസം മുപ്പതോളം കുടുംബങ്ങളുടെ കഥ ഞാൻ കേൾക്കാറുണ്ട്. ശരിക്കും പറഞ്ഞാൽ കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളുടെ പേരിലാണ് ഡിവോഴ്‌സ് നടക്കുന്നത്. അതിൽ ഹിന്ദുക്കളാണ് കൂടുതൽ. കാരണം എന്താണെന്ന് വച്ചാൽ ആരു പറഞ്ഞാലും കേൾക്കത്തില്ല.
ഒരു ഇസ്ളാം മതവിശ്വാസിയിൽ ഡിവോഴ്‌സ് നടക്കണമെങ്കിൽ അവരുടെ പള്ളിയിടപെടും, പള്ളിക്കമ്മിറ്റി ഇടപെടും, ഉസ്‌താദുമാർ ഇടപെടും അവരത് കേൾക്കും. ഒരു ക്രിസ്തുമതത്തിൽ ഡിവോഴ്‌സ് നടക്കണമെങ്കിൽ പള്ളിയും അച്ചന്മാരും ഇടപെടും. അവരും അത് തടയാൻ നോക്കും. ഹിന്ദുക്കളുടെ കാര്യത്തിൽ ആരു പറഞ്ഞാൽ കേൾക്കും. പോയി പണിനോക്കാൻ പറയും.
അത് പറഞ്ഞുകൊടുക്കേണ്ടത് ആസ്ട്രോളജേഴ്‌സ് ആണ്. പൊരുത്തം നോക്കൽ എന്നുപറഞ്ഞാൽ പത്തിൽ എട്ട് പൊരുത്തം എന്ന് പറഞ്ഞുകൊടുക്കേണ്ടവരല്ല ജ്യോത്സ്യന്മാർ . പ്രീമാര്യേജ് കൗൺസിലേഴ്‌സ് ആയിരിക്കണം ജ്യോത്സ്യന്മാർ. ഇന്നത്തെ യുവതലമുറയ‌്ക്ക് പ്രണയമാണ് ജീവിതം. ജീവിതത്തിലേക്ക് കടക്കുമ്പോഴേ റിയാലിറ്റി മനസിലാകൂ. കുടുംബക്കാരുടെ അമിതമായ ഇടപെടലാണ് പല ഡിവോഴ്‌സിനും കാരണമാകുന്നത്''.