s

കാലിഫോർണിയ: സ്റ്റാർലൈനർ പേടകത്തിന് തകരാർ സംഭവിച്ചതിനെത്തുടർന്ന് സുനിത വില്യംസ് ഉൾപ്പെടെ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയതിൽ നാസയ്‌ക്കെതിരെ വിമർശനം ഉയരുന്നു. സാങ്കേതിക തകരാറുകൾ അധികൃതർക്ക് നേരത്തെ അറിയാമായിരുന്നെന്നും എന്നാൽ കാര്യമായ പ്രശ്നമില്ലെന്ന് പറഞ്ഞ് അവഗണിച്ചെന്നും വിവാദം ഉയർന്നു. ആരോപണങ്ങൾ നിലനിൽക്കെ സ്റ്റാർലൈനർ നിർമ്മാണ കമ്പനിയായ ബോയിംഗും പ്രതികരിച്ചിട്ടില്ല.

ഈ മാസം അഞ്ചിനാണ് സുനിതയും ബച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്. 13ന് തിരിച്ചുവരാനിരുന്ന യാത്ര മാറ്റി 26ന് ആക്കിയിരുന്നു. ഇതും നടന്നില്ല. സുനിത മൂന്നാം തവണയാണ് ബഹിരാകാശ നിലയത്തിലെത്തുന്നത്. ബോയിങ് സ്റ്റാർലൈനറിന്റെ കന്നിയാത്രയാണിത്.നിരവധി പ്രതിസന്ധികളിലൂടെയാണ് ബോയിങ് ദൗത്യം കടന്നുപോയത്. സാങ്കേതികപ്പിഴവുകളാൽ രണ്ട് തവണ ദൗത്യം മാറ്റിവച്ചിരുന്നു. ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതകചോർച്ച അവസാനഘട്ടത്തിൽ ദൗത്യം ദുഷ്കരമാക്കിയിരുന്നു.

5 തവണ ഹീലിയം വാതകച്ചോർച്ച പേടകത്തിൽ സംഭവിച്ചു. 28 ത്രസ്റ്ററുകളുള്ളതിൽ ചിലതിനു തകരാറുണ്ട്.14 ത്രസ്റ്ററുകൾ വേണം തിരികെയെത്താൻ. 45 ദിവസം രാജ്യാന്തര ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട് തുടരാനാകും. അപൂർവസന്ദർഭങ്ങളിൽ 72 ദിവസം വരെ തുടരാം. ഇതിനിടയിൽ പ്രശ്നം പരിഹരിച്ച് പേടകത്തിൽ തിരികെയെത്തിക്കാമെന്നാണ് നാസയുടെ പ്രതീക്ഷ.