
ന്യൂഡൽഹി : നീറ്റ് , നെറ്റ് പരീക്ഷകളിലെ ക്രമക്കേടിൽ പാർലമെന്റിൽ ചർച്ച വേണമെന്ന് ആവശ്യപ്പെടാനുള്ള നീക്കവുമായി ഇന്ത്യാ സഖ്യം. വെള്ളിയാഴ്ച വിഷയം പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ ശ്രമം. ചർച്ചയ്‌ക്ക് തയ്യാറായില്ലെങ്കിൽ വൻ പ്രതിഷേധത്തിന് മുന്നണി തുടക്കമിടുമെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ സഖ്യത്തിലെ മുഴുവൻ പാർട്ടികളും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയേക്കും. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായതെന്നാണ് വിവരം. നീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാനും സാദ്ധ്യതയുണ്ട്. നീറ്റ് വിഷയത്തിൽ വെളളിയാഴ്ട പാർലമെന്റിൽ നോട്ടീസ് നൽകുമെന്ന് ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം ഡി.എം.കെ എം.പി ടി.ശിവ മാദ്ധ്യമങ്ങളോട് പറഞ്ഞു. നീറ്റ്, അഗ്‌നിവീർ, തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ വിഷയത്തിൽ പാർലമെന്റിൽ ശബ്ദമുയർത്തുമെന്ന് ലോക് താന്ത്രിക് പാർട്ടി നേതാവ് ഹനുമാൻ ബെനിവാൾ അറിയിച്ചു. രാജ്യം ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങളും പാർലമെന്റിൽ ഉന്നയിക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം.പി പ്രിയങ്ക ചതുർവേദിയും വ്യക്തമാക്കി.
അതേസമയം തിങ്കളാഴ്ട നടക്കുന്ന രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ ഇന്ത്യ സഖ്യം നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.