
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ വിവിധ പ്ളാനുകളുടെ മൊബൈൽ ഫോൺ നിരക്ക് വർദ്ധിപ്പിച്ചു. വിവിധ അൺലിമിറ്റഡ് പ്ളാനുകളിൽ വരുത്തിയ വർദ്ധന ജൂലായ് മൂന്നിന് നിലവിൽ വരും. പ്രതിമാസം രണ്ട് ജി.ബിക്ക് 189 രൂപ മുതൽ പ്രതിദിനം 3,599 രൂപ വരെയുള്ള വിവിധ പ്ളാനുകളാണ് അവതരിപ്പിച്ചുട്ടള്ളത്. അഞ്ചാം തലമുറ സേവനങ്ങൾ ലഭ്യമാക്കി ടെലികോം മേഖലയിൽ മികച്ച വളർച്ച നേടാനാണ് ശ്രമമെന്ന് റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും കാൾ നിരക്കുകൾ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
6,857 കോടി രൂപയുടെ സ്പെക്ട്രം വാങ്ങി എയർടെൽ
ടെലികോം സ്പെക്ട്രം ലേലത്തിൽ എയർടെൽ വിവിധ ഫ്രീക്വൻസി ബാൻഡുകളിലായി 6,857 കോടി രൂപയ്ക്കുള്ള സ്പെക്ട്രം സ്വന്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ലേലത്തിൽ പ്രധാനപ്പെട്ട സർക്കിളുകളിൽ അടുത്ത 20 വർഷത്തേക്ക് സേവനങ്ങൾ നൽകുന്നതിനുള്ളം സ്പെക്ട്രമാണ് എയർടെൽ വാങ്ങിച്ചത്. ഈ വർഷം കാലഹരണപ്പെടുന്ന സ്പെക്ട്രവും കൂടാതെ അധിക സ്പെക്ട്രവും എയർടെൽ വാങ്ങിയിട്ടുണ്ട്.