ind-vs-eng

ഗയാന: ഐസിസി ട്വന്റി 20 ലോകകപ്പ് രണ്ടാം സെമിഫൈനലില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യന്‍ സമയം രാത്രി 9.15ന് ആണ് മത്സരം ആരംഭിക്കുന്നത്. ടോസ് ലഭിച്ചിരുന്നുവെങ്കിലും ആദ്യം ബാറ്റ് ചെയ്യാനായിരുന്നു തീരുമാനമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പ്രതികരിച്ചു.

സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ കളിച്ച അതേ താരങ്ങളെ തന്നെയാണ് ഇന്ത്യ ഇന്നും കളത്തിലിറക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. സെമി ഫൈനലിന് റിസര്‍വ് ദിനം ഇല്ലാത്തതിനാല്‍ കട്ട് ഓഫ് ടൈം കൂടുതല്‍ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് ആരംഭിക്കുന്നതെങ്കിലും 20 ഓവറും കളി നടക്കും.


കാലാവസ്ഥ വകുപ്പ് നല്‍കുന്ന വിവരം അനുസരിച്ച് രാവിലെ 10.30 മുതല്‍ വൈകീട്ട് 6.30 വരെ (പ്രാദേശിക സമയം) ഗയാനയില്‍ മഴ തുടരുമെന്നാണ് സൂചന. മത്സരത്തിന് ഇടയ്ക്ക് മഴ പെയ്യാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് തോല്‍വി വഴങ്ങിയിരുന്നു. അതിനുള്ള പകരം വീട്ടാനും ഉറച്ചാകും രോഹിത്തും സംഘവും ഇറങ്ങുക. ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച സൗത്താഫ്രിക്ക കലാശപ്പോരിന് യോഗ്യത നേടിക്കഴിഞ്ഞു.