railway

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളില്‍ വിശദീകരണവുമായി റെയില്‍വേ രംഗത്ത്. റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റായ ഐആര്‍സിടിസി വഴി സ്വന്തം ഐഡിയില്‍ നിന്ന് മറ്റുള്ളവര്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയാല്‍ നിങ്ങള്‍ കുടുങ്ങുമെന്നും നിയമനടപടികള്‍ ഉള്‍പ്പെടെ നേരിടേണ്ടി വരുമെന്നുമാണ് പ്രചരിച്ചത്. എന്നാല്‍ ഇത്തരമൊരു കാര്യം നിഷേധിക്കുകയാണ് റെയില്‍വേ.

നിരവധി ആളുകള്‍ തങ്ങളുടെ ഐഡി ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും ടിക്കറ്റ് എടുത്ത് നല്‍കാറുണ്ട്. ഇത് തുടരുന്നതില്‍ ഒരു നിയമനടപടിയും നേരിടേണ്ടി വരില്ലെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളും ഐആര്‍സിടിസി പങ്കുവച്ചു.

മറ്റുള്ള ആളുകള്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കുന്നതില്‍ യാതൊരു തെറ്റും ഇല്ല. ഒരു ഐഡിയില്‍ നിന്ന് പ്രതിമാസം അനുവദിനീയമായ അത്രയും ടിക്കറ്റ് ബുക്കിംഗ് നടത്താവുന്നതാണ്. അതിന് റെയില്‍വേ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. അതേസമയം, നിങ്ങളുടെ ഐഡിയില്‍ നിന്ന് ബുക്ക് ചെയ്ത ടിക്കറ്റ് യാത്ര ചെയ്യാന്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും വില കൂട്ടി വില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവണതകള്‍ ശിക്ഷാര്‍ഹമാണെന്നും റെയില്‍വേ വ്യക്തമാക്കുന്നു.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ക്യാന്‍സല്‍ ചെയ്യുന്നതിനും നിയന്ത്രണമില്ല, എന്നാല്‍ ടിക്കറ്റ് മറ്റൊരാള്‍ക്ക് വില്‍ക്കുകയും കൂടുതല്‍ പണം ഈടാക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ റെയില്‍വേ ആക്ട് 1989 അനുസരിച്ച് കുറ്റകരമാണ്. പരാതി ഉണ്ടാകുന്ന സാഹചര്യത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്നും റെയില്‍വേ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.