fale-less-income-tax-acce

രാജ്യത്തെ പ്രത്യക്ഷ നികുതി മേഖല പരിഷ്കരിക്കുന്നതിനും സുതാര്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് 2021 ഏപ്രിൽ ഒന്നു മുതൽ കേന്ദ്ര സർക്കാർ ഫേസ്‌ലെസ് ആദായ നികുതി അസസ്‌മെന്റ് (ഉദ്യോഗസ്ഥരെ നേരിട്ടു കാണാതെയുള്ള ഇടപാടുകൾ) സംവിധാനം ഇന്ത്യയിൽ ആരംഭിച്ചത്. മാനുഷിക ഇടപെടലുകൾ കുറച്ച് നികുതി സംവിധാനം കാര്യക്ഷമമാക്കാനും, അഴിമതി ഇല്ലാതാക്കാനും, നികുതി നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ ഏതൊരു പരിഷ്‌കരണത്തിലുമെന്ന പോലെ പുതിയ സംവിധാനത്തിലും ഗുണവും ദോഷവുമുണ്ടായതിനാൽ അതിന്റെ പ്രയോജനം നികുതിദായകർക്ക് പൂർണമായും ലഭിച്ചില്ല.

പരിഷ്കാരത്തിന്റെ

പശ്ചാത്തലം

പൊതു സർവീസുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുകയെന്ന ആഗോള ട്രെൻഡിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഫേസ്‌ലെസ് നികുതി അസസ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയത്. നികുതി സംബന്ധമായ കേസുകൾ മേഖലകൾ കണക്കിലെടുക്കാതെ വിവിധ ഓഫീസർമാരെ ഏൽപ്പിക്കുന്നതിലൂടെ സ്വജന പക്ഷപാതവും തട്ടിപ്പുകളും ഒഴിവാക്കാൻ ഒരു പരിധി വരെ ഈ രീതിക്ക് കഴിഞ്ഞു. നികുതിദായകരും ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളി ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്ന് വിലയിരുത്തുന്നു. ന്യായവും സുതാര്യവുമായ സംവിധാനമായതിനാൽ ഡിജിറ്റൽ ഇടപാടുകളിൽ നിയമ തർക്കങ്ങൾ കുറച്ച് നികുതിദായകരുടെ വിശ്വാസം വർദ്ധിപ്പിക്കാനും കഴിഞ്ഞു.

ഉദ്യോഗസ്ഥരും നികുതി നൽകുന്നവരും തമ്മിൽ നേരിട്ട് ഇടപെടാത്തതിനാൽ അഴിമതിയുടെ സാദ്ധ്യതകൾ തുലോം കുറവാണെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഗുണം. പഴയ കേസുകൾ തീർപ്പാക്കുന്നതിനും അസസ്‌മെന്റ് വേഗത്തിലാക്കുന്നതിനും പുതിയ സംവിധാനം സഹായിച്ചു, ഇതോടൊപ്പം രാജ്യമൊട്ടാകെ നികുതി നിയമങ്ങൾ കൃത്യതയോടെ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാനും അവ ട്രാക്ക് ചെയ്യാനും ഡിജിറ്റലൈസേഷനിലൂടെ നികുതിദായകർക്ക് അവസരം ലഭിച്ചു.

വെല്ലുവിളികൾ,​

വിമർശനങ്ങൾ

ഗുണങ്ങളേറെയുണ്ടെങ്കിലും ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ), കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് എന്നിവയിൽ നിന്ന് കടുത്ത വിമർശനമാണ് പുതിയ അസസ്‌മെന്റ് സംവിധാനത്തിനെതിരെ ഉണ്ടായത്. ഇൻകം ടാക്സ് പോർട്ടലിൽ അടിക്കടിയുണ്ടാകുന്ന സാങ്കേതിക തകരാറുകൾ മൂലം രേഖകൾ യഥാസമയം അപ്പ്‌ലോഡ് ചെയ്യാനോ,​ നോട്ടീസുകൾക്ക് കൃത്യസമയത്ത് മറുപടി നൽകാനോ കഴിയുന്നില്ലെന്ന് ഐ.സി.എ.ഐ പറയുന്നു. ഇതോടൊപ്പം സങ്കീർണമായ നികുതി പ്രശ്നങ്ങൾ ഉദ്യോഗസ്ഥരെ കാര്യകാരണങ്ങൾ വിശദീകരിച്ച് ബോധ്യപ്പെടുത്തുന്നതിനും ഫേസ്‌ലെസ് സംവിധാനത്തിന് പരിമിതികളുണ്ടെന്ന് അവർ പറയുന്നു.

വ്യത്യസ്ത അസസ്‌മെന്റ് യൂണിറ്റുകളിൽ ഒരേ വിഷയത്തിൽ ഉദ്യോഗസ്ഥർ പലവിധ മനോഭാവം പ്രകടിപ്പിക്കുന്നതിനാൽ ആശയക്കുഴപ്പങ്ങളും നികുതി തർക്കങ്ങളും കൂടുകയാണ്. സങ്കീർണമായ നികുതി പ്രശ്നങ്ങളിൽ മറുപടി നൽകാനുള്ള സമയം വളരെ കുറവായിനാൽ ഫേസ്‌ലെസ് സംവിധാനത്തിൽ തർക്ക പരിഹാരത്തിന് മെച്ചപ്പെട്ട രീതികൾ വേണമെന്നും ഐ.സി.എ.ഐ ആവശ്യപ്പെടുന്നു. സ്‌പെഷ്യലൈസ്ഡ് മേഖലകളിൽ അധിക വൈദഗ്‌ദ്ധ്യമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാൻ റാൻഡം അലോക്കേഷനിൽ കഴിയില്ലെന്നും അവർ പറയുന്നു. ആഗോള മേഖലയിൽ അമേരിക്ക, ആസ്ട്രേലിയ, യു.കെ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളും വിജയകരമായി ഫേസ്‌ലെസ് അസസ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ വലിയ തോതിൽ ഉപയോഗപ്പെടുത്തിയാണ് അവർ വിജയം നേടുന്നത്.

സാങ്കേതികത

മെച്ചമാക്കണം

ആസ്ട്രേലിയൻ ടാക്സേഷൻ ഓഫീസിന്റെ ഡിജിറ്റൽ സ്ട്രാറ്റജി ഉപയോഗപ്പെടുത്തി ഇന്ത്യയിലെ ഫേസ്‌ലെസ് അസസ്‌മെന്റിലും മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി യൂസർ ഇന്റർഫേസും ഡിജിറ്റൽ സാക്ഷരതയും മെച്ചപ്പെടുത്തണം. നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ചാറ്റ്‌ബോട്ടുകളും വെർച്ച്വൽ അസിസ്റ്റന്റും ഉപയോഗപ്പെടുത്തി നികുതിദായകർക്ക് വ്യക്തിഗത സേവനങ്ങൾ നൽകാൻ കഴിയണം. ഓൺലൈൻ ട്യൂട്ടോറിയലുകൾ, ഇന്ററാക്‌ടീവ് ഗൈഡുകൾ, വെർച്വൽ വർക്ക്ഷോപ്പുകൾ എന്നിവ ഏർപ്പെടുത്തേണ്ടതുണ്ട്. ഇതോടൊപ്പം ഗ്രാമങ്ങൾ. ഉൾപ്രദേശങ്ങൾ തുടങ്ങിയ മേഖലകളിൽ മികച്ച കണക്ടിവിറ്റി ഉറപ്പുവരുത്താനും നടപടി വേണം.

നിർമ്മിത ബുദ്ധിയുടെയും വീഡിയോ കോൺഫറൻസ് സംവിധാനങ്ങളുടെയും സഹായത്തോടെയുള്ള ഫേസ്‌ലെസ് അസസ്‌മെന്റ് നൽകുന്നതിനൊപ്പം,​ മാനുഷിക ഇടപെടൽ കൂടി തിരഞ്ഞെടുക്കാനുള്ള അവസരം നികുതി ദായകർക്ക് ഒരുക്കുകയെന്നതാണ് ഇതിനുള്ള ഏറ്റവും വലിയ പരിഹാരം. ബ്ളോക്ക്ചെയിൻ സാങ്കേതിക വിദ്യയിലുടെ ഇതിൽ സുതാര്യത ഉറപ്പുവരുത്താനും കഴിയും. വീഡിയോ കോൺഫറൻസ് സംവിധാനം കൂടി ഉൾപ്പെടുത്തി ഫേസ്‌ലെസ് അസസ്‌മെന്റ് പ്ളാറ്റ്‌ഫോം നവീകരിച്ചാൽ വ്യക്തിഗത ഹിയറിംഗ് കാര്യക്ഷമമാക്കാൻ കഴിയും. ഇങ്ങനെ സംവിധാനം കൊണ്ടുവരുമ്പോൾ അത്യാധുനിക എൻക്രിപ്‌ഷൻ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി നികുതിദാതാവിന്റെ സ്വകാര്യ വിവരങ്ങൾ സുരക്ഷിമാക്കുന്നതിന് നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ് എന്നിവയുടെ സാദ്ധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തണം.

നവീകരണത്തിന്

നയരൂപീകരണം

സാങ്കേതികവിദ്യ നവീകരിച്ച് പുതുതായി ഒരുക്കുന്ന സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിന് നികുതി ഉദ്യോഗസ്ഥർ, കൺസൾട്ടന്റുകൾ, നികുതിദായകർ എന്നിവരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ നയം രൂപീകരിക്കാൻ സർക്കാർ മുൻകൈയെടുക്കണം. ഈ മേഖലയിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി തുടർച്ചയായ ചർച്ചകളും ശിൽപ്പശാലകളും നടത്തേണ്ടതും അത്യന്താപേക്ഷികമാണ്. നികുതിദായകർക്ക് എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കുന്നതിന് വിവിധ ഭാഷകളിൽ വിവരങ്ങൾ ഉൾപ്പെടുത്തി വേണം പ്ളാറ്റ്ഫോം തയ്യാറാക്കേണ്ടത്. വെർച്വൽ ഹിയറിംഗ്സ്, ഡിജിറ്റൽ അസസ്‌മെന്റ് എന്നിവ നിർമ്മിത ബുദ്ധിയും ബ്ളോക്ക് ചെയ്‌നും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് പിൻബലം നൽകുന്ന തരത്തിൽ ആദായ നികുതി നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.

അഞ്ചു വർഷം,​

അഞ്ഞൂറ് കോടി

സാങ്കേതികവിദ്യയുടെ സഹായത്തോടെ അസസ്‌മെന്റ് നടപടികൾ മെച്ചപ്പെടുത്തുന്നതിന് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 500 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് വിലയിരുത്തുന്നു. ദീർഘകാല നേട്ടം കണക്കിലെടുക്കുമ്പോൾ ഇതൊരു വലിയ ബാദ്ധ്യതയല്ല. നികുതി സമ്പ്രദായം മെച്ചപ്പെടുന്നതോടെ കാര്യക്ഷമത കൂടുകയും നികുതി തർക്കങ്ങൾ കുറയുകയും ചെയ്യുമെന്നതിനാൽ പ്രതിവർഷം 200 കോടി രൂപയുടെ അധിക നേട്ടം സർക്കാരിനു ലഭിക്കും.

ഇന്ത്യയുടെ നികുതി മേഖലയെ ആധുനികവത്കരിക്കാനുള്ള ശക്തമായ നടപടിയാണ് ഫേസ്‌ലെസ് അസസ്‌മെന്റ് നയമെങ്കിലും അതിൽ പൂർണ വിജയം നേടാനായിട്ടില്ല. അതിനാൽ ഡിജിറ്റൽ ശേഷിയും മാനുഷിക ഇടപെടലും സമന്വയിപ്പിച്ച് പുതിയ സംവിധാനമൊരുക്കാൻ ധനമന്ത്രാലയം തയ്യാറാവണം. അതിനുള്ള സമയം ആഗതമായിരിക്കുകയാണ്.

.