classroom

കോട്ടയം: ജോലിയിൽ കൃത്യവിലോപം കാണിച്ച അദ്ധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. കോട്ടയത്താണ് സംഭവം. ചങ്ങനാശേരി ഗവ. എച്ച് എസ് എസിലെ അഞ്ച് അദ്ധ്യാപകരെയാണ് സ്ഥലം മാറ്റിയത്. പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടേതാണ് ഉത്തരവ്.

ഇംഗ്ലീഷ് അദ്ധ്യാപിക നീതു ജോസഫ്, ബോട്ടണി അദ്ധ്യാപിക വി എം രശ്‌മി, കൊമേഴ്‌സ് അദ്ധ്യാപിക ടി ആർ മഞ്ജു, ഹിന്ദി അദ്ധ്യാപിക എ ആർ ലക്ഷ്‌മി, ഫിസിക്‌സ് അദ്ധ്യാപിക ജെസി ജോസഫ് എന്നിവരെയാണ് മാറ്റിയത്. നീതു ജോസഫിനെ വയനാട് കല്ലൂർ ഗവ. എച്ച് എസ്‌ എസിലേക്കും വിഎം രശ്മിയെ വയനാട് നീർവാരം ഗവ. എച്ച് എസ് എസിലേക്കും ടിആർ മഞ്ജുവിനെ കണ്ണൂർ വെല്ലൂർ ഗവ. എച്ച് എസ് എസിലേക്കും എആർ ലക്ഷ്മിയെ വയനാട് പെരിക്കല്ലൂർ ഗവ. എച്ച് എസ് എസിലേക്കും ജെസി ജോസഫിനെ കോഴിക്കോട് ബേപ്പൂർ ഗവ. എച്ച് എസ് എസിലേക്കുമാണ് മാറ്റിയത്.

ഈ അദ്ധ്യാപകർക്കെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് കോട്ടയത്തെ റീജണൽ ഡെപ്യൂട്ടി ഡയറക്‌ടർ (ആർഡിഡി) സ്‌കൂളിലെത്തി കുട്ടികളോടും പിടിഎ ഭാരവാഹികളോടും സംസാരിച്ച് അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശരിയായി പഠിപ്പിക്കുന്നില്ലെന്നും കൂടുതൽ കുട്ടികൾ തോറ്റത് ഇംഗ്ലീഷിലാണെന്നുമാണ് നീതു ജോസഫിനെതിരെ കുട്ടികൾ പറഞ്ഞ പരാതി.

പഠിപ്പിക്കുന്നത് മനസിലാകുന്നില്ലെന്ന് പ്രിൻസിപ്പലിനോട് പരാതി പറഞ്ഞതിന് മനഃപൂർവം പരീക്ഷകളിൽ മാർക്ക് കുറയ്‌ക്കുകയും ചില കുട്ടികൾക്ക് അധികം മാർക്ക് നൽകുകയും ചെയ്‌തതായാണ് ജെസി ജോസഫിനെതിരായ പരാതി. ടിആർ മഞ്ജു, രശ്‌മി എന്നിവർ പഠിപ്പിക്കുന്നത് മനസിലാകുന്നില്ലെന്നും അതിനാൽ തോറ്റുപോകുമെന്ന ആശങ്കയും കുട്ടികൾ ആർഡിഡിയെ അറിയിക്കുകയും ചെയ്‌തു.