actor-vijay

ചെന്നൈ: തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് നടന്‍ വിജയ്. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള നിലപാടും വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ തമിഴകത്തിന്റെ ദളപതി വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

നിങ്ങള്‍ ഏത് മേഖലയില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നുവൊ അതിനായി കഠിനാധ്വാനം ചെയ്യണമെന്ന് നടന്‍ പറഞ്ഞു. നല്ല ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍ എന്നിവര്‍ മാത്രമല്ല നല്ല നേതാക്കളെയാണ് ഇപ്പോള്‍ തമിഴ്‌നാടിന് ആവശ്യമെന്നും വിജയ് പറഞ്ഞു. നന്നായി പഠിക്കുന്നവരും വിദ്യാസമ്പന്നരായ ചെറുപ്പക്കാരും രാഷ്ട്രീയത്തിലേക്ക് വരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെറ്റും ശരിയും മനസ്സിലാക്കിവേണം പുതിയ തലമുറ മുന്നോട്ടു പോകാന്‍. സമൂഹമാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കരുത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണം. ശരിതെറ്റുകള്‍ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കാന്‍ കുട്ടികളോട് വിജയ് പറഞ്ഞു.

സംസ്ഥാനത്തെ ലഹരി മാഫിയക്ക് എതിരെയും അദ്ദേഹം ആഞ്ഞടിച്ചു. താത്കാലിക സുഖങ്ങളോടും ലഹരിയോടും അടുക്കില്ലെന്ന് കുട്ടികളെക്കൊണ്ട് അദ്ദേഹം പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു.