
ഗുരുദേവന്റെ പ്രശിഷ്യനും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായിരുന്ന ഗീതാനന്ദ സ്വാമികളുടെ 110-ാം ജന്മദിനമാണ് ഇന്ന്. ശ്രീനാരായണ പ്രസ്ഥാനത്തിന് അതുല്യ സംഭാവനകൾ ചെയ്ത സന്യാസിവര്യനാണ് ഗീതാനന്ദ സ്വാമി. 1914 മിഥുന മാസത്തിലെ ഉത്രട്ടാതി നക്ഷത്രത്തിൽ ചേർത്തലയിൽ ജനിച്ച സ്വാമി, 1995 മാർച്ച് 24-ന് ചാലക്കുടിയിലെ സ്വാമി ഗീതാനന്ദാശ്രമത്തിൽ വച്ചാണ് സമാധി പ്രാപിച്ചത്.
ചേർത്തലയിൽ വൈദ്യപാരമ്പര്യംകൊണ്ട് പ്രസിദ്ധമായിരുന്ന തണ്ണീർമുക്കം പോട്ടച്ചാണി വീട്ടിൽ കുട്ടിയുടെയും കൊച്ചുപാറുവിന്റെയും മകനായാണ് ജനനം. പൂർവാശ്രമ നാമം രാഘവൻ. ബാല്യത്തിൽത്തന്നെ സംസ്‌കൃതഭാഷയിലും വൈദ്യത്തിലും നല്ല ഉപസ്ഥിതി നേടിയ സ്വാമികൾ ഇരുപത്തിയൊന്നാം വയസിൽ സർവംസംഗ പരിത്യാഗിയായി വീടും നാടും ഉപേക്ഷിച്ച്, അവധൂതനെപ്പോലെ ഭാരത്തിലെ വിവിധ ആശ്രമങ്ങളിലും തീർത്ഥാടനകേന്ദ്രങ്ങളിലും മഹാപുരുഷന്മാരുടെ സന്നിധികളിലും ദർശനം നടത്തി. അദ്ധ്യാത്മവിത്തായി മാറിയ രാഘവൻ കാശിയിൽ വച്ച് കൃഷ്ണാനന്ദ സ്വാമിയിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച് സ്വാമി ഗീതാനന്ദയായി മാറി.
ശിവഗിരി മഠത്തിലേക്ക് 1941- ൽ എത്തിച്ചേർന്ന ഗീതാനന്ദ സ്വാമികളെ അന്ന് മഠാധിപതിയായിരുന്ന അച്യുതാനന്ദ സ്വാമികളും സെക്രട്ടറിയായിരുന്ന ശ്രീനാരായണതീർത്ഥ സ്വാമികളും ചേർന്ന് അന്തേവാസിയായി സ്വീകരിച്ചു. ഗുരുവിന്റെ അന്തരംഗ ശിഷ്യരായിരുന്ന സ്വാമി നാരായണചൈതന്യ, സ്വാമി ആത്മാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി മമ്പലം വിദ്യാനന്ദ, സ്വാമി ജഗദീശ്വരാനന്ദ, സ്വാമി നരസിംഹ, തൈക്കാട് ഗോവിന്ദനാശാൻ, മംഗലശ്ശേരി ഗോവിന്ദനാശാൻ തുടങ്ങിയവരുമായി ആത്മബന്ധം പുലർത്തുന്നതിനുളള മഹാഭാഗ്യം ഇതോടെ സ്വാമികൾക്കുണ്ടായി.
അന്ന് മഠത്തിലെ കാര്യങ്ങൾ നോക്കിയിരുന്ന രണ്ടു പ്രമുഖ സന്യാസിമാരായിരുന്നു നിജാനന്ദ സ്വാമികളും മംഗളാനന്ദ സ്വാമികളും. ഇവർ മൂവരും ചേർന്നു നടത്തിയ ആലോചനകൾ ശിവഗിരിയിൽ വലിയ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗവും ശിവഗിരിയും തമ്മിലുളള കേസിന്റെ രാജി, ശിവഗിരി തീർത്ഥാടന പ്രസ്ഥാനത്തിന്റെ വികാസം, മാഹാസമാധി മന്ദിര നിർമ്മാണം തുടങ്ങിയ കാര്യങ്ങളിൽ ഇവരുടെ പങ്ക് ചെറുതല്ല. ശിവഗിരിയിലും ശാഖാസ്ഥാപനങ്ങളായ ചെമ്പഴന്തി, അരുവിപ്പുറം, തൃത്താല ധർമ്മഗിരി ആശ്രമം, ആലുവ അദ്വൈതാശ്രമം, പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം എന്നിവിടങ്ങളിൽ കർമ്മകുശലനായ അശ്രമാധിപതിയായും മഹാസംരംഭങ്ങളുടെ അമരക്കാരനായുമൊക്കെ സ്വാമികൾ പ്രവർത്തിച്ചിട്ടുണ്ട്.
ഗുരുദേവ മൊഴികളും കൃതികളും സമാഹരിച്ച് സമൂഹത്തിനു സമർപ്പിച്ചത് ശ്രീ ധർമ്മതീർത്ഥ സ്വാമികളായിരുന്നു. അദ്ദേഹം സമാഹരിച്ച ഗുരദേവകൃതികൾ കുമാരസ്വാമി സന്യാസി സ്വന്തമായി പ്രകാശനം ചെയ്തപ്പോൾ ആമുഖക്കുറിപ്പെഴുതുവാൻ ഭാഗ്യം ലഭിച്ചത് ഗീതാനന്ദ സ്വാമികൾക്കായിരുന്നു. അന്ന് സ്വാമികൾ ധർമ്മസംഘം സെക്രട്ടറിയാണ്. ഗുരുദേവന്റെ അവതാര ശതാബ്ദി 1954, 55, 56 വർഷങ്ങളിലായി ആഘോഷിച്ചപ്പോൾ അതിന്റെ സംഘാടകനും സെക്രട്ടറിയും സ്വാമികൾ തന്നെയായിരുന്നു.
എം. പി. മൂത്തേടത്ത് ലക്ഷങ്ങൾ ചെലവിട്ട് ഗുരുദേവ മഹാസമാധി മന്ദിരം കാണിക്കയായി സമർപ്പിച്ചതിനു പിന്നിൽ പ്രചോദന കേന്ദ്രമായിരുന്നത് ഗീതാനന്ദ സ്വാമികളാണ്. മന്ദിരത്തിൽ പ്രതിഷ്ഠിക്കുവാനുളള ഗുരുദേവപ്രതിമ കശിയിൽ നിന്ന് കേരളത്തിലേക്ക് ആനയിച്ചതും, ഷൊർണൂരിൽ നിന്ന് പ്രയാണ ഘോഷയാത്ര നയിച്ചതുമൊക്കെ സ്വാമികൾ തന്നെ. ശിവഗിരിയിൽ ഇന്നു കാണുന്ന ഓഫീസ് മന്ദിരം, ഗസ്റ്റ് ഹൗസിന്റെ ഒന്നാംനില, ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രി, സെൻട്രൽ സ്‌കൂൾ തുടങ്ങിയവയുടെ നിർമ്മാണത്തിനും വികസനത്തിനും സ്വാമികളുടെ സംഭാവന അനല്പമായിത്തന്നെ നിലകൊള്ളുന്നു. ഗുരുധർമ്മ പ്രചാരണ സഭയുടെ സ്ഥാപകാധ്യക്ഷനും ഗീതാനന്ദ സ്വാമികൾ തന്നെ.
കേരളം ദർശിച്ച ശ്രീനാരായണധർമ്മ പ്രഭാഷകരിൽ അതുല്യനായിരുന്നു സ്വാമി മംഗളാനന്ദയും സ്വാമി ആര്യഭടനും. ഒരു കാലത്ത് ഗീതാനന്ദ സ്വാമികൾ കൂടി അതിനൊപ്പം ചേർന്നിരുന്നു. അക്കാലത്ത് കുമാരനാശാന്റെ ബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി എന്നീ കൃതികൾ ഹരികഥാ കാലക്ഷേപമായി സ്വാമികൾ വേദികളിൽ അവതരിപ്പിച്ചിരുന്നു. കൃതഹസ്തനായ എഴുത്തുകാരൻകൂടിയായിരുന്നു സ്വാമികളെ 'കവിഹൃദയമുളള സ്വാമി" എന്നാണ് എസ്. കെ. പൊറ്റക്കാട് വിശേഷിപ്പിച്ചത്. ഗുരുദേവൻ മാസികയുടെ ചീഫ് എഡിറ്ററായി അദ്ദേഹം നിർവഹിച്ച പ്രവർത്തനവും ഒരു സാഹിത്യ സപര്യതന്നെയായിരുന്നു. ആത്മോപദേശശതകം, ദൈവദശകം എന്നിവയ്ക്കു പുറമേ ശ്രീശങ്കര കൃതിക്കും സ്വാമി വ്യാഖ്യാനങ്ങളെഴുതി. സമാധിമന്ദിര സ്മൃതി, ഗുരുദേവപൂജാ സ്‌തോത്രങ്ങൾ, അത്ഭുതങ്ങളുടെ അനർഘനിമിഷങ്ങൾ, ശിവഗിരി സ്മരണ എന്നിവയാണ് മറ്റു
കൃതികൾ.
ശ്രീനാരായണ ധർമ്മ പ്രചാരണാർത്ഥം മദ്രാസ്, മുംബയ്, കൊൽക്കത്ത, ബംഗളൂരു, കോയമ്പത്തൂർ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ച സ്വാമികൾ 1984-ൽ മോസ്‌കോയിൽ നടന്ന സർവമത സമ്മേളനത്തിൽ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി സംബന്ധിച്ചു. ആയിടക്ക് എറണാകുളത്ത് മാർപ്പാപ്പയ്ക്കൊപ്പം സർവമത സമ്മേളനത്തിലും സ്വാമി പങ്കെടുത്തു. ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയുടെ പ്രചാരാണാർത്ഥം ഗൾഫ് രാജ്യങ്ങളിലും സ്വാമികൾ പര്യടനം നടത്തിയിരുന്നു.
1941 മുതൽ 1984 കാലഘട്ടം വരെ ശിവഗിരി മഠം കേന്ദ്രമാക്കിയാണ് സ്വാമികൾ പ്രവർത്തിച്ചിരുന്നത്. ചെമ്പഴന്തി, കുന്നുംപാറ, അരുവിപ്പുറം എന്നിവിടങ്ങളിൽ ഭരണ സാരഥിയായും പ്രവർത്തിച്ചു. ഖജാൻജി, സെക്രട്ടറി എന്നതു കൂടാതെ 1979 മുതൽ 1984 വരെ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായും സേവനമനുഷ്ഠിക്കുകയുണ്ടായി. ചാലക്കുടി പുഴയുടെ തീരത്ത് ഗായത്രി ആശ്രമം ആശ്രമം സ്ഥാപിച്ചതിന്റെ കൃത്യം നാലാം വാർഷിക ദിനത്തിലാണ് (1995 മാർച്ച് 24) സ്വാമികൾ സമാധി പ്രപിച്ചത്. വശ്യവചസ്സായ പ്രഭാഷകൻ, കവി, സാഹിത്യകാരൻ, ധർമ്മസംഘം പ്രസിഡന്റ് എന്നീ നിലകളിൽ സ്വാമികൾ ചെയ്ത സേവനം കാലാതിവർത്തിയായി നിലകൊള്ളുന്നു.