ശംഖുംമുഖം: വിമാനത്തിൽ സിഗരറ്റ് വലിച്ച യാത്രക്കാരൻ വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി എമിഗ്രഷൻ, സി.ഐ.എസ്.എഫ് അധികൃതർ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് സൗദി അറേബ്യയിലെ ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് യാത്രയ്ക്കിടെ സീറ്റിലിരുന്ന് സിഗരറ്റ് വലിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ക്യാമ്പിൻ ക്രൂ വിലക്കിയെങ്കിലും അത് വകവയ്ക്കാതെ സിഗരറ്റ് വലിക്കുന്നത് തുടർന്നു. ക്യാമ്പിൻ ക്രൂ പൈലറ്റിനെ വിവരമറിയിച്ചതിനെത്തുടർന്ന് കോക്ക്പിറ്റിൽ നിന്ന് സിഗരറ്റ് വലിക്കരുതെന്ന് കർശന സന്ദേശം മുഴങ്ങി. ഇതോടെ സഹയാത്രികർ ഇയാളെ പിന്തിരിപ്പിച്ചു.
ക്യാബിൻ ക്രൂ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എമിഗ്രേഷൻ അധികൃതർ ഇയാളെ തടഞ്ഞുവച്ച് എമിഗ്രേഷൻ കൗണ്ടറിന്റെ ഒരുഭാഗത്ത് ഇരുത്തി. തിരക്കിനിടെ ഇയാൾ തന്ത്രപരമായി പുറത്തേക്ക് കടക്കുകയായിരുന്നു. എമിഗ്രേഷൻ അധികൃതർ വലിയതുറ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസം യാത്രക്കാരനെ വിളിച്ചുവരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് വലിയതുറ പൊലീസ് പറഞ്ഞു.