
ഇന്ന് മിക്കയാളുകളും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് അകാല നര. മാനസിക സമ്മർദവും, പാരമ്പര്യവും, പോഷകാഹാരക്കുറവും, കെമിക്കലുകളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് നര ഉണ്ടാകുന്നത്.
കടകളിൽ കിട്ടുന്ന ഡൈ ഉപയോഗിച്ച് അകാലനരയെ ചെറുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാൽ കെമിക്കലുകൾ ചേർത്തുള്ള ഇത്തരം ഡൈ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ വരെ സാദ്ധ്യതയുണ്ട്. കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തികച്ചും നാച്വറലായി മുടിയുടെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. അതിനുള്ള ഔഷധം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിന് എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം.
ആവശ്യമായ സാധനങ്ങൾ
പനിക്കൂർക്കയില - ഒരു പിടി
ചെമ്പരത്തിപ്പൂവ് - 5 എണ്ണം
കറിവേപ്പില - ഒരു പിടി
തേയിലപ്പൊടി - 2 ടേബിൾസ്‌പൂൺ
നെല്ലിക്കപ്പൊടി - 3 ടേബിൾസ്‌പൂൺ
മൈലാഞ്ചിപ്പൊടി - 3 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
വെള്ളത്തിൽ തേയിലപ്പൊടിയിട്ട് നന്നായി തളപ്പിച്ച് കുറുക്കിയെടുക്കുക. ഇത് തണുക്കുമ്പോൾ പനിക്കൂർക്കയില, ചെമ്പരത്തിപ്പൂവ്, കറിവേപ്പില എന്നിവ മിക്‌സിയുടെ ജാറിയിട്ട് തേയിലവെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ നന്നായി അരച്ചെടുത്ത് മാറ്റി വയ്‌ക്കുക. ശേഷം നെല്ലിക്കപ്പൊടിയും മൈലാഞ്ചിപ്പൊടിയും നന്നായി ചൂടാക്കി കരിയിച്ചെടുക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചതിൽ ബാക്കിയുള്ള കട്ടൻ ചായ ചേർത്ത് നല്ല കട്ടിയുള്ള രൂപത്തിൽ കുഴച്ചെടുക്കുക. ശേഷം നേരത്തേ അരച്ചുവച്ച സാധനങ്ങൾ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു രാത്രി മുഴുവൻ ഇത് അടച്ച് വയ്‌ക്കുക.
ഉപയോഗിക്കേണ്ട വിധം
നന്നായി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് നേരത്തേ തയ്യാറാക്കി വച്ച ഡൈ പുരട്ടിക്കൊടുക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്.