adani

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് കൂടുതൽ ശക്തമാകാൻ അദാനി ഗ്രൂപ്പ്. ഇന്ത്യയുടെ ആക്രമണ ഹെലികോപ്ടറുകൾക്കായി 70 എംഎം റോക്കറ്റുകൾ നിർമ്മിക്കുന്ന കരാറിൽ അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ബെൽജിത്തിലെ പ്രമുഖ ആയുധ നിർമ്മാതാക്കളായ തേൽസ് ഗ്രൂപ്പുമായി കൈകോർക്കുകയാണ്. 70 എംഎം റോക്കറ്റുകളുടെ നിർമ്മാണത്തിലുൾപ്പടെ ലോകത്ത് മുൻനിരയിൽ നിൽക്കുന്ന സ്ഥാപനമാണ് തേൽസ് ഗ്രൂപ്പ്. കവചിത വാഹനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ തുടങ്ങിയവയ്‌ക്കെതിരെ കൃത്യതയോടെ പ്രയോഗിക്കാൻ കഴിയുന്ന റോക്കറ്റുകളാണിത്.

ഡിഫൻസ് അക്വിസിഷൻ പ്രൊസീജിയർ (ഡിഎപി) 2020 പ്രകാരം റോക്കറ്റുകളുടെ ഇന്ത്യയിലെ ഉത്പാദനം, കൂട്ടിയോജിപ്പിക്കൽ, പരീക്ഷണം എന്നിവയിൽ ഇരുഗ്രൂപ്പുകളും സഹകരിച്ച് പ്രവർത്തിക്കും എന്നാണ് റിപ്പോർട്ട്. ധ്രുവ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറായ പ്രചന്ദ്, അപ്പാച്ചെ എഎച്ച് 64, എംകെ 35 ചോപ്പറുകൾ എന്നിവയിൽ നിന്ന് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള റോക്കറ്റുകളാവും അദാനിഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്നത്.

നിലവിൽ തേൽസിന്റെ 70 എംഎം അൺഗൈഡഡ് റോക്കറ്റുകൾ എഎൽഎച്ച്, ലൈറ്റ് കോബാറ്റ് ഹെലികോപ്ടറുകളിൽ ഉപയോഗിക്കുന്നുണ്ട്. ശത്രുക്കളുടെ നെഞ്ചകം തകർക്കാൻ ലോകമെങ്ങും മികച്ചതെന്ന അഭിപ്രായമുള്ളതാണ് 70 എംഎം റോക്കറ്റുകൾ. ഇത്തരം റോക്കറ്റുകളുടെ ആവശ്യകത ഇന്ത്യൻ സൈന്യത്തിന് ഏറെയാണ്. ഈ മാസം ആദ്യം അദാനി ഡിഫൻസും യുഎഇയിലെ മുൻനിര നൂതന സങ്കേതിക പ്രതിരോധ ഗ്രൂപ്പുകളിലൊയ EDGE ഗ്രൂപ്പുമായി സുപ്രധാന കരാറിൽ ഒപ്പുവച്ചിരുന്നു.