petrol

മുംബയ്: സംസ്ഥാനത്തെ ഡീസലിന്റെയും പെട്രോളിന്റെയും നിരക്ക് കുറയ്ക്കാൻ ഉത്തരവിട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. 2024-24ലെ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം പുതിയ പ്രഖ്യാപനം നടത്തിയത്. ഡീസലിന്റെ നികുതി 24 ശതമാനത്തിൽ നിന്ന് 21 ശതമാനമാക്കി കുറയ്ക്കുമെന്നും പെട്രോളിന്റെ നികുതി 26 ശതമാനത്തിൽ നിന്നും 25 ശതമാനമാക്കി കുറയ്ക്കുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.

ഇതോടെ മുംബയ് മേഖലകളിൽ ഒരു ലി​റ്റർ ഡീസലിന് രണ്ട് രൂപയുടെയും പെട്രോളിന് 65 പൈസയുടെ കുറവുണ്ടാകും. മുംബയ്, നവി മുംബയ്, താനെ എന്നിവിടങ്ങളിലാണ് പുതിയ മാറ്റം നടപ്പിലാക്കുക. ഇന്ന് ഒരു ലി​റ്റർ പെട്രോളിന്റെ വില 104.21 രൂപയും ഡീസലിന്റെ വില 92.15 രൂപയുമാണ്.

ബഡ്ജ​റ്റിൽ സംസ്ഥാനത്തെ 21 വയസുമുതൽ 60 വയസുവരെയുളള യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപയുടെ സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മജ്ഹി ലഡ്കി ബഹിൻ യോജന പദ്ധതി നടപ്പിലാക്കുമെന്നും പദ്ധതിക്കായി 46,000 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അന്നപൂർണ യോജന പദ്ധതി പ്രകാരം അഞ്ച് പേരടങ്ങുന്ന അർഹരായ കുടുംബത്തിന് എല്ലാ വർഷവും മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി ലഭ്യമാക്കുന്ന മ​റ്റൊരു പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.