fever

കൊല്ലം: കടുത്ത വേനലൊഴിഞ്ഞ് മഴ ഇരച്ചെത്തിയതോടെ, ജില്ലയിൽ ഡെങ്കി കേസുകളിൽ വൻ വർദ്ധന. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂൺ വരെ 553 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കി​ൽ, ഈ വർഷം ഇതേ കാലയളവിൽ (ജൂൺ 25 വരെ) 932 പേരി​ലാണ് ഡെങ്കി സ്ഥിരീകരിച്ചത്, വർദ്ധന 379. ദിവസം കുറഞ്ഞത് 13 മുതൽ 37 പേർക്കുവരെ ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ട്.

കഴി​ഞ്ഞ വർഷം ജൂണി​ൽ 366 പേർക്കാണ് രോഗം പി​ടി​പെട്ടത്. നി​ലവി​ലെ കണക്ക് തുടർന്നാൽ ഈ മാസം എണ്ണം കൂടി​യേക്കും. ആദ്യമായി ഡെങ്കി വരുന്നവരിൽ 80 ശതമാനം പേ‌ർക്കും ലക്ഷണങ്ങൾ പ്രകടമാകാറില്ല. ഇത്തരക്കാർക്ക് രണ്ടാം തവണ ഡെങ്കി വന്നാൽ ഗുരുതരമാകും. സാധാരണ ഗതിയിൽ മേയ്, ജൂൺ, ജൂലായ് മാസങ്ങളിലാണ് ഡെങ്കി വ്യാപിക്കുന്നത്. എന്നാൽ ഈ വർഷം ജനുവരി മുതൽ തന്നെ വ്യാപനമുണ്ടായി​.

ഡെങ്കി കൂടാൻ കാരണം

 വേനൽകാലത്ത് ചൂടുകുറയ്ക്കാൻ പലരും ടാർപോളി​ൻ വലിച്ചു കെട്ടി വെള്ളം നിറച്ചുവച്ചു

 കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോൾ വെള്ളം ശേഖരിച്ച് ഈർപ്പമുള്ള തുണികൾ കൊണ്ട് മൂടി

 ഇൻഡോർ ചെടികൾക്കും മണിപ്ലാന്റുകൾക്കും ഒഴി​ച്ച വെള്ളം

 മഴയിൽ വെള്ളം കെട്ടിക്കി​ടക്കുന്നത്

ലക്ഷണങ്ങൾ അവഗണിക്കരുത്

കടുത്ത പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദ്ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ, കണ്ണിന് പുറകിൽ വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഗുരുതരമായാൽ വയറുവേദന, കറുത്ത മലം, ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കുക, കഠിനമായ ക്ഷീണം,​ ശ്വാസതടസം,​ താഴ്ന്ന രക്തസമ്മർദ്ദം എന്നിവ അനുഭവപ്പെടും. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടെന്ന് കുറയാൻ സാദ്ധ്യയുള്ളതിനാൽ എത്രയും വേഗം ചികിത്സ തേടണം.

ഡെങ്കിപ്പനി സ്ഥിരീകരണം: 2023- 2024 (കൂടിയ എണ്ണം ബ്രായ്ക്കറ്റിൽ)

ജനുവരി: 31, 120 (89)

ഫെബ്രുവരി: 13, 206 (193)

മാർച്ച്: 20, 101 (81)

ഏപ്രിൽ: 18, 49 (31)

മേയ്: 105, 205 (100)

ജൂൺ: 366, ഇക്കഴിഞ്ഞ 25 വരെ: 251