
യൂറോ കപ്പിലെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന് തുടങ്ങുന്നു
ഇറ്റലി Vs സ്വിറ്റ്സർലാൻഡ്
9.30 pm മുതൽ
ജർമ്മനി Vs ഡെന്മാർക്ക്
12.30 am മുതൽ
ടി.വി ലൈവ് : സോണി ടെൻ ചാനൽ ശൃംഖലയിൽ
ബെർലിൻ : യൂറോ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിന് ഇന്ന് തുടക്കമാവുകയാണ്. 24 ടീമുകൾ പങ്കെടുത്ത ഗ്രൂപ്പ് റൗണ്ടിൽ നിന്ന് 16 ടീമുകളാണ് പ്രീ ക്വാർട്ടറിലെത്തിയിരിക്കുന്നത്. ഇന്ന് നടക്കുന്ന ആദ്യ പ്രീ ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി സ്വിറ്റ്സർലാൻഡിനെയും രണ്ടാം പ്രീ ക്വാർട്ടറിൽ ആതിഥേയരായ ജർമ്മനി ഡെന്മാർക്കിനെയും നേരിടും.
ആറ് ഗ്രൂപ്പുകളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീ ക്വാർട്ടറിലെത്തിയത്.ജർമ്മനി, സ്പെയ്ൻ, ഇംഗ്ളണ്ട്, ആസ്ട്രിയ,റോമേനിയ, പോർച്ചുഗൽ എന്നിവരാണ് ഒന്നാം സ്ഥാനക്കാർ. സ്വിറ്റ്സർലാൻഡ്,ഇറ്റലി,ഡെന്മാർക്ക് ,ഫ്രാൻസ്,ബെൽജിയം,തുർക്കി എന്നിവർ രണ്ടാം സ്ഥാനക്കാരായി. സ്ളൊവാക്യ,ജോർജിയ,ഹോളണ്ട്,സ്ളൊവേനിയ എന്നിവരാണ് മികച്ച മൂന്നാം സ്ഥാനക്കാരായത്. യുക്രെയ്ൻ, ക്രൊയേഷ്യ,ഹംഗറി, പോളണ്ട്,അൽബേനിയ, സെർബിയ,സ്കോട്ട്ലാൻഡ്,ചെക് എന്നിവരാണ് പുറത്തായത്.
ബി ഗ്രൂപ്പിൽ ഓരോ ജയവും സമനിലയും തോൽവിയുമായി നാലുപോയിന്റ് നേടി രണ്ടാം സ്ഥാനക്കാരായാണ് ഇറ്റലി പ്രീ ക്വാർട്ടറിലെത്തിയത്. അൽബേനിയയ്ക്ക് എതിരെയായിരുന്നു ജയം. സ്പെയ്നിനോട് തോറ്റപ്പോൾ ക്രൊയേഷ്യയുമായി സമനില വഴങ്ങി. എ ഗ്രൂപ്പിൽ ഹംഗറിയെ 3-1ന് തോൽപ്പിച്ച സ്വിസ് ടീം ജർമ്മനിയോടും സ്കോട്ട്ലാൻഡിനോടും 1-1ന് സമനില വഴങ്ങി അഞ്ചുപോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാർട്ടറിലെത്തിയത്.
സി ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളും സമനിലയാക്കിയ ഡെന്മാർക്ക് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തുമ്പോൾ ജർമ്മനി സ്കോട്ട്ലാൻഡിനെയും ഹംഗറിയേയും തോൽപ്പിക്കുകയും സ്വിസിനോട് സമനിലയിൽ പിരിയുകയും ചെയ്ത് ഒന്നാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തുന്നത്.