
പാലക്കാട്: വ്ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങൾ സഞ്ചരിച്ച വാഹനമിടിച്ച് മൂന്നുപേർക്ക് പരിക്ക്. പാലക്കാട് ചെർപ്പുളശേരി ആലിക്കുളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇ ബുൾജെറ്റിന്റെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇ ബുൾജെറ്റ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരായ എബിൻ, ലിബിൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
എബിനും ലിബിനും ചെർപ്പുളശേരിയിൽ നിന്ന് പാലക്കാട്ടേയ്ക്ക് പോവുകയായിരുന്നു. എതിർദിശയിൽ നിന്നുവന്ന കാറുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ ഇ ബുൾജെറ്റ് സഹോദരങ്ങൾക്കും അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന പ്രദേശവാസിക്കും പരിക്കുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻപ് വാഹനം രൂപമാറ്റം വരുത്തിയതിന്റെ പേരിൽ ഇ ബുൾജെറ്റിന്റെ വാഹനം മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് ഇവരുടെ വാൻ കണ്ണൂർ ആർ.ടി.ഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ആർ.ടി ഓഫീസിൽ കയറി സംഘർഷമുണ്ടാക്കിയ വ്ലോഗർമാരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
ട്രാവൽ വ്ളോഗർമാരും കണ്ണൂർ കിളിയന്തറ സ്വദേശികളുമായ എബിൻ വർഗീസും സഹോദരൻ ലിബിൻ വർഗീസുമാണ് ഇ ബുൾജെറ്റ് സഹോദരങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. വാൻ കാരവാനാക്കി രൂപം മാറ്റിയാണ് ഇവർ യാത്ര നടത്തിയിരുന്നത്. അനധികൃതമായി വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയത് കണ്ടെത്തിയ മോട്ടോർ വാഹന വകുപ്പ് ഇവരുടെ വാഹനം പിടിച്ചെടുക്കുകയായിരുന്നു.