
സാരിയുടുത്ത് കഴിഞ്ഞാൽ അനായാസമായി നടക്കാൻ തന്നെ ബുദ്ധിമുട്ടാണെന്നാണ് യുവതലമുറയിലെ മിക്കവരുടെയും അഭിപ്രായം. ഇത്തരം വേഷത്തിൽ ജോലികൾ ചെയ്യാൻ പാടുപെടാറുണ്ടെന്നും അഭിപ്രായമുണ്ട്. അതുപോലെതന്നെ സ്ത്രീകളെ വളരെ വിരളമായി മാത്രം കാണുന്ന ഒരു തൊഴിലിടമാണ് ബാറുകൾ. മോഡേൺ ബാറുകളിൽ ഷെഫായും വെയിറ്റർമാരുമായുമൊക്ക സ്ത്രീകളെ കാണാമെങ്കിലും ബാർടെൻഡർ എന്ന പോസ്റ്റിൽ സ്ത്രീകളെത്തുന്നത് വളരെ കുറവായിരിക്കും. എന്നാൽ ഇതിന് രണ്ടിനും വിപരീതമായി നിന്ന് കൈയടി നേടുകയാണ് പൂനെയിൽ നിന്നുള്ള ബാർടെൻഡറായ ഒരു യുവതി. പൂനെ സ്വദേശിയായ കവിത മേധറാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം.
സാരിയുടുത്ത് ആഭരണങ്ങൾ അണിഞ്ഞ് പരമ്പരാഗത വേഷത്തിൽ അതിസുന്ദരിയായി കവിത ഒരു കൈയിൽ തന്റെ കുഞ്ഞിനെ പിടിച്ച് മറുകൈ കൊണ്ട് ബോട്ടിലുകൾ കറക്കിയെറിയുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാവുകയാണ്. കുപ്പിയിൽ തീ നിറച്ചും ബാർടെൻഡർമാർ ചെയ്യുന്നതുപോലെ കവിത സ്റ്റണ്ടുകൾ ചെയ്യുന്നുണ്ട്. പുഷ്പ 2 സിനിമയിലെ ഗാനത്തിനൊപ്പമുള്ള വീഡിയോയ്ക്ക് ഇതുവരെ 46.1 മില്യൺ വ്യൂസും 2.4 മില്യൺ ലൈക്കുകളാണ് ലഭിച്ചത്. പന്ത്രണ്ടായിരത്തിലധികം പേർ വീഡിയോയിൽ കമന്റ് ചെയ്യുകയും ചെയ്തു.
ബികോം ബിരുദധാരിയായ കവിതയെ 'ഫ്ളയർ ബാർടെൻഡിംഗ്' എന്ന സ്റ്റണ്ടിലേക്കെത്തിച്ചത് ബന്ധുവായ രാജ് മേധറാണ്. ഗ്ളാസ് ബോട്ടിലുകൾകൊണ്ട് വിവിധതരം സ്റ്റണ്ടുകൾ ചെയ്യുന്നതാണ് 'ഫ്ളയർ ബാർടെൻഡിംഗ്'. ഫ്ളയർ മാനിയ ബാർടെൻഡിംഗ് അക്കാദമിയിലായിരുന്നു പഠനം. പഠനകാലത്ത് വെളുപ്പിനെ അഞ്ചുമണി മുതൽ പരിശീലനം ആരംഭിക്കുമായിരുന്നുവെന്ന് കവിത പറയുന്നു. ദിവസവും ഒൻപത് മണിക്കൂറോളം പരിശീലിച്ചിരുന്നു. നിരവധി തവണ മുറിവുകൾ പറ്റിയിട്ടുണ്ടെങ്കിലും അതെല്ലാം അതിജീവിച്ചുവെന്നും കവിത വെളിപ്പെടുത്തി.
ലോകത്തിലെ ഏറ്റവും വേഗതയേറിയ വനിതാ ഫ്ളയർ ബാർടെൻഡർ എന്ന റെക്കാഡും കവിത സ്വന്തം പേരിൽ എഴുതിച്ചേർത്തിട്ടുണ്ട്. 2020ലാണ് ലണ്ടനിലെ വേൾഡ് ബുക്ക് ഒഫ് റെക്കാഡ്സിൽ കവിത ഇടംനേടുന്നത്. ഒരുമിനിട്ടിൽ 110 തവണ ഗ്ളാസ് ബോട്ടിലുകൾ കറക്കിയാണ് നേട്ടത്തിന് അർഹയായത്.