images

അരിസോണ: കോപ്പ ആദ്യറൗണ്ട് മത്സരങ്ങൾക്കിടെ ടീം മൈതാനത്ത് എത്താൻ വൈകിയതിനെത്തുടർന്ന് അർജന്റീനയ്ക്കും ചിലിയ്ക്കും 15,000 ഡോളർ (ഏകദേശം 12 ലക്ഷം രൂപ) വീതം പിഴശിക്ഷ വിധിച്ച് ദക്ഷിണ അമേരിക്കൻ ഫുട്ബാൾ ഫെഡറേഷനായ കോൺമെബോൾ. അർജന്റീന പരിശീലക ലയണൽ സ്കലോണിയ്ക്കും ചിലി പരിശീലകൻ റിക്കാർഡോ ഗരെക്കായ്ക്കും ഓരോ മത്സരങ്ങളിൽ വിലക്കും ശിക്ഷലഭിച്ചു. ഗ്രൂപ്പ് എയിൽ കാനഡയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ രണ്ടാം പകുതിയ്ക്കായി ടീം കളത്തിലെത്താൻ താമസിച്ചതാണ് അർജന്റീനയ്ക്ക് വിനയായത്. അതേസമയം അർജന്റീനയ്ക്ക് എതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ ഒരു സബ്‌സ്റ്റിറ്റ്യൂഷനിൽ താരത്തെയിറക്കാൻ വൈകിയതാണ് ചിലിയ്ക്ക് പണിയായത്.

ഐമ‌ർ കോച്ച്

ഇന്ന് പെറുവിനെതിരെ ഇന്ത്യൻ സമയം വെളുപ്പിന് 5.30ന് തുടങ്ങുന്ന മത്സരത്തിൽ ലയണൽ സ്കലോണിയ്ക്ക് പകരം സഹപരിശീലകൻ പാബ്ലോ ഐമറായിരിക്കും അർജന്റീനയുടെ പ്രധാന പരിശീലകൻ. പനിയും പരിക്കും അലട്ടുന്ന ക്യാപ്ടൻ ലയണൽ മെസി ഇന്ന് കളിക്കാനിറങ്ങില്ല.