
പാലക്കാട്: പ്രതിദിന ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയതിനെ തുടർന്ന് നടപടിക്രമങ്ങളുടെ വേഗം കുറഞ്ഞതോടെ പാലക്കാട്ട് ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നു. 25000 ത്തിലധികം അപേക്ഷകളാണ് ഡ്രൈവിംഗ് സ്ലോട്ടിനായി കാത്തിരിക്കുന്നത്. പുതുതായി അപേക്ഷിച്ചവരും ടെസ്റ്റിൽ തോറ്റവരുമെല്ലാം സ്ലോട്ട് കിട്ടാനുള്ള കാത്തിരിപ്പിലാണ്. നിലവിൽ 25 പുതിയ അപേക്ഷകർക്കും നേരത്തെ ടെസ്റ്റിൽ തോറ്റ 10 പേർക്കും ഉൾപ്പെടെ 35 പേർക്കാണ് ഒരു ദിവസം ടെസ്റ്റ് നടത്തുന്നത്.
ഇതിൽതന്നെ പകുതിയിലധികം ആളുകളും പരാജയപ്പെടുന്നതായി അധികൃതർ വ്യക്തമാക്കുന്നു.
ഒരു എം.വി.ഐ, രണ്ട് എ.എം.വി.ഐ എന്നിവരടങ്ങുന്ന യൂണിറ്റാണ് ടെസ്റ്റുകൾ നടത്തുക. സംസ്ഥാനത്താകെ 86 ടെസ്റ്റിംഗ് ഗ്രൗണ്ടുകളുണ്ട്. ഇതിൽ പത്തെണ്ണം മാത്രമാണ് സർക്കാരിന് കീഴിലുള്ളത്. ബാക്കിയെല്ലാം സംഘടനകളും ഡ്രൈവിംഗ് സ്‌കൂളുകളും വാടക നൽകിയാണ് നടത്തുന്നത്. ഇറിഗേഷൻ വകുപ്പ് മലമ്പുഴയിൽ സൗജന്യമായി നൽകിയ സ്ഥലത്താണ് പാലക്കാട് ടെസ്റ്റുകൾ സംഘടിപ്പിക്കുന്നത്. ജില്ലയിലാകെ 228 ഡ്രൈവിംഗ് സ്‌കൂളുകളാണുള്ളത്.
ഒഴിവുള്ള സ്ലോട്ടുകൾ നൽകണം
വിദേശത്ത് പോകുന്നതിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ഡ്രൈവിംഗ് ടെസ്റ്റുകളിൽ അഞ്ച് സ്ലോട്ട് റിസർവ് ചെയ്ത് വെക്കാറുണ്ട്. വിസയുടെ പകർപ്പും വിമാന ടിക്കറ്റും കാണിച്ചാണ് ഈ സ്ലോട്ടിൽ ആളെത്തുക. ആരും വന്നില്ലെങ്കിൽ ഈ സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കും. ഡ്രൈവിംഗ് സ്‌കൂളുകൾക്ക് ഇത് ലഭിക്കില്ല. ഇത്തരത്തിൽ മിക്കദിവസങ്ങളിലും സ്ലോട്ടുകൾ ആർക്കും ഉപകാരമില്ലാതെ പോകുകയാണ്. അപേക്ഷകൾ കുമിഞ്ഞുകൂടുന്ന സാഹചര്യത്തിൽ ഇത്തരം സ്ലോട്ടുകൾ സ്കൂളുകൾക്ക് നൽകണമെന്നാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ ആവശ്യം.
സമയവും സാമ്പത്തികവും നഷ്ടം
ഇരുചക്ര - നാലുചക്ര വാഹനങ്ങൾക്കൊരുമിച്ച് ലേണേഴ്സിന് അപേക്ഷിക്കാൻ നിലവിൽ 1455 രൂപയാണ് ചാർജ്. ഇതിൽ ലേണേഴ്സിന് പുറമേ ടെസ്റ്റ്, ലൈസൻസ് കാർഡ് പ്രിന്റിംഗ്, തപാൽ, മറ്റു സർവീസ് ചാർജ് എന്നിവയെല്ലാം ഉൾപ്പെടും. ലേണേഴ്സിന്റെ കാലാവധി ആറുമാസമാണ്. അതിനുള്ളിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായില്ലെങ്കിൽ ലേണേഴ്സ് പുതുക്കണം. ഒരു ദിവസത്തെ ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയതിനാൽ ലേണേഴ്സ് കാലാവധി കഴിഞ്ഞിട്ടും ടെസ്റ്റ് സ്ലോട്ട് കിട്ടാതെ പുതുക്കേണ്ട സ്ഥിതിയിലാണ് അപേക്ഷകർ. ടെസ്റ്റിൽ തോറ്റവരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് മുമ്പ് പുതുതായുള്ള 80 പേരും തോറ്റവരും ഉൾപ്പെടെ 120 പേർക്ക് വരെ ഒരു ദിവസം ടെസ്റ്റ് നടത്തിയിരുന്നു.
നിത്യവും നിരവധി പേർ പുതുതായി ലൈസൻസിന് അപേക്ഷിക്കുന്നുണ്ട്. എന്നാൽ ടെസ്റ്റ് തീയതി കിട്ടാൻ വൈകുന്നത് അപേക്ഷകരെ നിരാശരാക്കുന്നു. വരുമാനം കുറഞ്ഞതിനാൽ ജീവനക്കാർക്ക് ശമ്പളം നൽകാനാവാതെ ജില്ലയിൽ ചില ഡ്രൈവിംഗ് സ്‌കൂളുകൾ പ്രവർത്തനം താത്കാലികമായി നിറുത്തിവെച്ച നിലയിലാണ്.
പ്രദീപ്, ഡ്രൈവിംഗ് സ്കൂൾ ഉടമ