pic

വാഷിംഗ്ടൺ: മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപുമായുള്ള ടെലിവിഷൻ സംവാദത്തിൽ മോശം പ്രകടനം കാഴ്ച വച്ചതോടെ പ്രസിഡന്റ് ജോ ബൈഡന് പകരം മറ്റൊരാളെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

യു.എസിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമുള്ളപ്പോഴാണ് പാർട്ടിക്കുള്ളിൽ നിന്നുതന്നെ ബൈഡനെതിരെ ശബ്‌ദമുയരുന്നത്.

81കാരനായ ബൈഡൻ രണ്ടാമതും പ്രസിഡന്റാകുന്നത് ഉചിതമായേക്കില്ലെന്നാണ് വിലയിരുത്തൽ.

ഗസ്റ്റ് 19 മുതൽ 22 വരെ ഷിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ വച്ചാണ് ബൈഡനെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക. ഇതിന് മുമ്പ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ബൈഡൻ പിന്മാറുമോ എന്ന ചർച്ചകൾ സജീവമായി. ഇതിനിടെ, മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേൽ ബൈഡന് പകരം സ്ഥാനാർത്ഥിയാകുമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ് പ്രവചിച്ചതും ചർച്ചയായി.

അതേസമയം, വിമർശനങ്ങൾക്ക് മറുപടിയുമായി ബൈഡൻ രംഗത്തെത്തി. ഞാൻ ഒരു യുവാവല്ല. അത് എനിക്കറിയാം. പഴയത് പോലെ നടക്കാനോ സംവാദത്തിൽ പങ്കെടുക്കാനോ കഴിയുന്നില്ല. സമ്മതിക്കുന്നു. പക്ഷേ, എന്ത് ചെയ്യണമെന്ന് അറിയാം. സത്യം പറയാൻ അറിയാം. ഈ ജോലി എങ്ങനെ ചെയ്യണമെന്നും അറിയാം. പിന്മാറില്ലെന്നും തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്നും ബൈഡൻ നോർത്ത് കാരലൈനയിൽ നടന്ന റാലിയിൽ പ്രഖ്യാപിച്ചു.

 പിന്തുണച്ച് ഒബാമ

ബൈഡനെ പിന്തുണച്ച് മുൻ പ്രസിഡന്റ് ബറാക് ഒബാമ രംഗത്ത്. മോശം സംവാദത്തിന്റെ രാത്രികൾ സംഭവിക്കുന്നു. എന്നാൽ, ഈ തിരഞ്ഞെടുപ്പ് ഇപ്പോഴും സാധാരണക്കാർക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരാളും തന്നെക്കുറിച്ച മാത്രം ചിന്തിക്കുന്ന ഒരാളും തമ്മിലെ മത്സരമാണ്- ഒബാമ വ്യക്തമാക്കി.

 ബൈഡനെ മാറ്റാനാകുമോ ?

മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡൻ സ്വയം തീരുമാനിച്ചാൽ മാത്രമേ പാർട്ടിക്ക് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനാകൂ. ഡെമോക്രാറ്റിക് കൺവെൻഷനിൽ വച്ചോ അതിന് മുമ്പോ ബൈഡൻ പിന്മാറിയാൽ പാർട്ടിയുടെ നാഷണൽ കമ്മി​റ്റിക്ക് വോട്ടെടുപ്പിലൂടെ പുതിയ സ്ഥാനാർത്ഥിയെ തീരുമാനിക്കാം. എന്നാൽ ഇതിന് സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ.

 പകരം ആര് ?

( സാദ്ധ്യതകൾ )

 മിഷേൽ ഒബാമ - മുൻ പ്രഥമ വനിത

 കമല ഹാരിസ് - വൈസ് പ്രസിഡന്റ്

 ഗാവിൻ ന്യൂസം - കാലിഫോർണിയ ഗവർണർ

 ജെ.ബി. പ്രി​റ്റ്‌സ്‌കർ - ഇലിനോയ് ഗവർണർ

 ഗ്രെച്ചെൻ വി​റ്റ്‌മെർ - മിഷിഗൺ ഗവർണർ

 ഷെറോഡ് ബ്രൗൺ - സെനറ്റർ, ഒഹായോ

 ഡീൻ ഫിലിപ്പ്‌സ് - ജനപ്രതിനിധി സഭാംഗം, മിനസോട്ട

 പ്രായം പ്രശ്‌നം !

ബൈഡൻ യു.എസിന്റെ ചരിത്രത്തിലെ ഏ​റ്റവും പ്രായം കൂടിയ പ്രസിഡന്റ്

 ചുമതലയേറ്റത് 78ാം വയസിൽ

 ബൈഡൻ ആരോഗ്യവാനെന്ന് വൈറ്റ്‌ഹൗസ്

 പൊതുവേദികളിൽ സംഭവിക്കാറുള്ള നാക്കുപിഴകളും ആശയക്കുഴപ്പങ്ങളും ബാലൻസ് തെറ്റി ഇടയ്ക്കുള്ള വീഴ്ചകളും ചർച്ചാ വിഷയം

 ബൈഡൻ വീണ്ടും പ്രസിഡന്റായാൽ 86 വയസുവരെ പദവിയിൽ തുടരണം. ഇതിന് താൻ ശാരീരികമായും ബുദ്ധിപരമായും പ്രാപ്തനാണെന്ന് തെളിയിക്കാൻ കഴിയുന്നില്ല