t20-world-cup-final

പത്തനംതിട്ട: അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരുന്ന പ്രതി പരോളിനിറങ്ങി സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു. അടൂർ പന്നിവഴി കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെയാണ് (61) മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താൻ (68) കൊലപ്പെടുത്തിയത്. ഇന്ന് വെെകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം.

മാതാവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട് 17 വർഷമായി തിരുവനന്തപുരം തുറന്ന ജയിലിൽ കഴിയുകയായിരുന്ന മോഹനൻ ഉണ്ണിത്താൻ ജൂൺ 13നാണ് പരോളിൽ ഇറങ്ങിയത്. ഇന്ന് പുറത്ത് പോയി മദ്യപിച്ച് വന്ന മോഹനനോട് മദ്യപിച്ച് വീട്ടിൽ വരരുതെന്ന് സതീഷ് പറഞ്ഞു. ഇതിൽ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറി ഉലക്കയുമായി വന്ന മോഹനൻ സതീഷിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മോഹനനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങൾ രണ്ടുപേരും അവിവാഹിതരാണ്.