
മുംബയ്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്‌ദം മാറ്റി പണം തട്ടിയ യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കാശിമിറ സ്വദേശി രശ്‌മി കർ (37) ആണ് പൊലീസ് പിടിയിലായത്. ഇവർ പുരുഷ ശബ്‌ദം ഉപയോഗിച്ച് അയൽക്കാരിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപയോളം തട്ടിയെടുക്കുകയായിരുന്നു.
അയൽവാസിയായ യുവതിക്ക് ഉയർന്ന ജോലി ലഭിക്കാൻ തന്റെ സുഹൃത്ത് സഹായിക്കുമെന്ന് പറഞ്ഞ് രശ്മി കർ അവർക്ക് അഭിമന്യു മെഹ്റ എന്ന ആളിന്റെ ഒരു നമ്പർ നൽകി. ഈ വ്യാജേന ഫോൺ നമ്പറിലേക്ക് യുവതി വിളിച്ചപ്പോൾ എഐയുടെ സഹായത്തോടെ ശബ്‌ദം പുരുഷന്റെതാക്കി രശ്‌മി തന്നെയാണ് സംസാരിച്ചത്. തുടർന്ന് ഇതേ നമ്പറിൽ നിന്ന് പുരുഷനാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരന്തരം സംസാരിച്ച് പരാതിക്കാരിയുമായി സൗഹൃദത്തിലാവുകയും ബന്ധം വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പലതവണയായി 6.6 ലക്ഷം രൂപയോളം പരാതിക്കാരിയിൽ നിന്ന് ഓൺലെെൻ വഴി രശ്‌മി വാങ്ങിയിരുന്നു. പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇരയെ പ്രതി ഭീഷണിപ്പെടുത്തി. നേരിൽ കാണാതെ ഫോണിലൂടെയായിരുന്നു ഭീഷണികളെല്ലാം. ഭീഷണി രൂക്ഷമായതോടെ യുവതി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇരയുടെ അയൽവാസിയാണെന്ന് മനസിലാക്കുന്നത്. രശ്‌മി കർ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. പണത്തിന് അത്യാവശ്യമുണ്ടായത് കൊണ്ടാണ് കുറ്റം ചെയ്തതെന്ന് പ്രതി മൊഴി നൽകി.