
ചെറുതുരുത്തി: പോക്സോ കേസിലെ പ്രതിയെ തേടി ചെറുതുരുത്തി പൊലീസ് എത്തിയത് ഒറീസയിലെ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള വനങ്ങളിൽ. ഒരാഴ്ചയോളം നടന്ന കഠിന പരിശ്രമത്തിൽ ഒഡീഷയിലെ റായ്ഗാഡ് കർലഗാട്ടി സ്വദേശി മോറാട്ടിഗുഡ വീട്ടിലെ മഹാദേവ് പാണി (29) അറസ്റ്റിലായി. കഴിഞ്ഞവർഷം ചെറുതുരുത്തി ആറ്റൂർ പ്രദേശത്ത് താമസമുണ്ടായിരുന്ന അതിജീവിതയെ പ്രതി നിരന്തരം പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയുമായിരുന്നു. പിന്നീട് എറണാകുളം മരട് ഭാഗത്തേക്ക് താമസം മാറ്റിയ അതിജീവിത പ്രസവിച്ചു. ഇതേത്തുടർന്ന് കുട്ടി പീഡനത്തിന് ഇരയായ വിവരം മാതാപിതാക്കൾ അറിയുകയും പരാതി നൽകുകയുമായിരുന്നു.
മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് കേസ് ചെറുതുരുത്തി പൊലീസിന് കൈമാറി. ഇൻസ്പെക്ടർ ബോബി വർഗീസ്, സിവിൽ പൊലീസ് ഓഫീസർമാരായ എ.ഗിരീഷ്, എ.ജയകൃഷ്ണൻ, ഹോം ഗാർഡ് ജനുമോൻ എന്നിവർ പുറപ്പെടുമ്പോൾ സൂചനയായി കൈയിലുണ്ടായിരുന്നത് അതിജീവിത നൽകിയ ഒറീസയിലെ റായ്ഗാഡ് എന്ന സ്ഥലത്തുള്ള പത്തൂൺ അങ്കിൾ എന്ന വിളിപ്പേരുള്ള ഒരാളുടെ പേരായിരുന്നു.
റായ്ഗാഡിലെത്തി ഉദ്യോഗസ്ഥർ അതിജീവിത താമസിച്ചിരുന്ന ഗ്രാമം ഗുഡാരിയിലെത്തിയെങ്കിലും പത്തൂൺ എന്നുപേരുള്ളയാളെ കണ്ടെത്താനായില്ല. ഫോട്ടോയും ഫോൺനമ്പരും ഒന്നുമില്ലാത്തതിനാൽ നാല് ദിവസവും തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് ഒറീസയിൽ മലയാളം അറിയുന്ന ധാരാളം പേരുണ്ടെന്ന് അറിഞ്ഞത്. ഇതു മനസിലാക്കിയ ഉദ്യോഗസ്ഥർ വേഷംമാറി ഗ്രാമങ്ങളിലെത്തി. വനപ്രദേശമായതിനാൽ അന്വേഷണം കൂടുതൽ ദുഷ്ക്കരമായി. മലയാളം അറിയുന്നവരുമായി കൂടുതൽ ഇടപഴകിയതോടെ അതിജീവിതയുടെ പ്രതിയുടെ സഹോദരനെ പറ്റി വിവരം ലഭിച്ചു.
എന്നാൽ അന്വേഷിക്കുന്ന കർലഗാട്ടി എന്ന ഇടം മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മേഖലയായതിനാൽ അപകടകരമാണെന്ന് അവിടത്തെ പൊലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഉറച്ച വിശ്വാസവുമായി ഒരാഴ്ചയോളം നീണ്ടുനിന്ന അന്വേഷണവുമായി പ്രയത്നിച്ച ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അവസാനം പ്രതിയെ കണ്ടെത്തുകയായിരുന്നു.