ambika

സ്‌കൂൾ ചടങ്ങിനിടെ പാചകത്തൊഴിലാളി പാടിയ ഗാനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. മഞ്ഞക്കാല ഗവ. ബി.വി എൽ.പി സ്‌കൂളിലെ പാചകത്തൊഴിലാളിയായ അംബിക ബാബുവിന്റെ ഗാനമാണ് വിദ്യാഭ്യാസ മന്ത്രി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്.

ലോക സംഗീത ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 21ന് അദ്ധ്യാപിക കവിത ആർ.പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ സംഗീത പരിപാടിയിലാണ് അംബിക 'ശ്രീരാഗമോ തേടുന്നു നീ..." എന്ന ചലച്ചിത്രഗാനം പാടി കൈയടി നേടിയത്. സ്‌കൂളിലെ അദ്ധ്യാപകനായ എബി പാട്ട് മൊബൈലിൽ പകർത്തി, വീഡിയോ പള്ളിക്കൂടം ടി.വിക്ക് അയച്ചു.

ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി വി.ശിവൻകുട്ടി ഫേസ്‌ബുക്കിൽ പാട്ട് ഷെയർ ചെയ്‌തതോടെ ഹിറ്റാവുകയായിരുന്നു. മഞ്ഞക്കാല പുന്നേറ്റ് വീട്ടിൽ ബാബുവിന്റെ ഭാര്യയായ അംബിക എട്ട് വർഷമായി സ്‌കൂളിലെ പാചകത്തൊഴിലാളിയാണ്. മക്കൾ: ധനലക്ഷ്മി, ധനേഷ്.

അവിയലിനരിയുമ്പോഴാണ് ഉച്ചഭാഷിണിയിൽ പിള്ളേരുടെ പാട്ട് കേട്ടത്. പിന്നെ അടുക്കളയിൽ സ്വസ്ഥത കിട്ടിയില്ല. അരിഞ്ഞതും അരച്ചതുമൊക്കെ ചേർത്ത് അടുപ്പിൽ വച്ചിട്ട് ഒറ്റയോട്ടം. പിന്നെ ടീച്ചറുടെ അനുവാദത്തോടെ മൈക്കെടുത്ത് പാടുകയായിരുന്നുവെന്ന് അംബിക പറയുന്നു.