
കൊൽക്കത്ത : ജഡ്‌ജിമാർ ദൈവങ്ങളല്ലെന്നും, കോടതിയെ നീതിയുടെ ക്ഷേത്രമായി കാണുന്നത് അപകടകരമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കൊൽക്കത്തയിലെ നാഷണൽ ജുഡിഷ്യൽ അക്കാഡമിയുടെ മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡി.വൈ. ചന്ദ്രചൂഡ്. ചടങ്ങിൽ പങ്കെടുത്ത പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജുഡിഷ്യറിയെ ആരാധനാലയങ്ങളോട് ഉപമിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ലോർഡ്ഷിപ്പ് എന്നും ലേഡിഷിപ്പ് എന്നും സാധാരണ ജഡ്ജിമാരെ അഭിസംബോധന ചെയ്യാറുണ്ട്. കോടതിയെ നീതിയുടെ ക്ഷേത്രമായും പലരും കാണുന്നു. അപ്പോൾ ആ ക്ഷേത്രത്തിലെ ദൈവമാണ് ജഡ്‌ജിമാരെന്ന് അനുമാനിക്കേണ്ടി വരും. അങ്ങനെ ക്ഷേത്രത്തിലെ ദൈവമായി ജഡ്‌ജിമാർ സ്വയം കാണുന്നത് അപകടകരമാണ്. അതിനുപകരം കരുണയോടും സഹാനുഭൂതിയോടും കൂടി ജനങ്ങളെ സേവിക്കുന്നവരായി ജഡ്‌ജിമാരെ കാണാനാണ് താൻ ആഗ്രഹിക്കുന്നത്.
ക്രിമിനൽ കേസിൽ ആരെയെങ്കിലും ശിക്ഷിക്കുമ്പോൾ പോലും ജഡ്‌ജിമാർ അനുകമ്പയോടെയാണ് അതു ചെയ്യുന്നത്. ഒരു മനുഷ്യനെയാണ് ശിക്ഷിക്കുന്നതെന്ന ബോദ്ധ്യം കൊണ്ടാണത്. ഭരണഘടനാ ധാർമ്മികതയുടെ പ്രാധാന്യത്തെ കുറിച്ച് തിരിച്ചറിയേണ്ടതുണ്ടെന്നും ചീഫ് ജസ്റ്രിസ് കൂട്ടിച്ചേർത്തു.