
ബാർബഡോസ്: ട്വന്റി-20 ലോകകപ്പ് നേട്ടത്തിൽ കണ്ണീരണിഞ്ഞ് വിരാട് കൊഹ്‌ലി. കിരീടം നേടിയ സന്തോഷത്തിൽ മൈതാനത്ത് നിന്ന് നിറകണ്ണുകളോടെ വീട്ടിലേക്ക് വീഡിയോ കോൾ വിളിച്ച് ഭാര്യ അനുഷ്കയോടും മക്കളായ വാമികയേയോടും അകായേയോടും സംസാരിക്കുന്ന കൊഹ്‌ലിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. നെഞ്ചത്ത് തട്ടിക്കൊണ്ട് പപ്പാ ട്വന്റി-20 ലോകകപ്പ് നേടിയെന്ന് പറഞ്ഞ് നിറകണ്ണുകളോടെ കുഞ്ഞുങ്ങളെ കൊഞ്ചിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത കൊഹ്‌ലി ബാറ്റിംഗിലും ഫീൽഡിംഗിലും സൂപ്പർ ഹീറോയായ കെൻസിംഗ്ടൺ ഓവലിൽ ഒരുനിമിഷത്തേക്ക് പക്കാ ഫമിലിമാനായി. ഫൈനൽ വരെയുള്ല മത്സരങ്ങളിലെ മോശം പ്രകടനത്തിന് കേട്ട പഴികേക്കലുകൾക്ക് ഒറ്റ ഇന്നിംഗ്സിലൂടെ മറുപടികൊടുത്ത സന്തോഷം വിതുമ്പിയും ചിരിച്ചും കുടുംബവുമായി പങ്കുവയ്ക്കുകയായിരുന്നു കൊഹ്‌ലി.