bus-operators

തിരുവനന്തപുരം: സൂപ്രീം കോടതിയുടെ വിധി ചൂണ്ടിക്കാണിച്ചിട്ടും തമിഴ്‌നാട് പിടിച്ചെടുത്ത ബസുകള്‍ വിട്ടുനല്‍കുന്നില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്ന പരാതി. തമിഴ്‌നാട് പിടിച്ചെടുത്തവയില്‍ ഇനിയും ബസുകള്‍ വിട്ടുകിട്ടാനുണ്ടെന്നാണ് കേരളത്തിലെ ലക്ഷ്വറി ബസ് അസോസിയേഷന്‍ പറയുന്നത്. ആള്‍ ഇന്ത്യ പെര്‍മിറ്റ് നേടിയ വാഹനങ്ങള്‍ തടയാന്‍ ഒരു സംസ്ഥാനങ്ങള്‍ക്കും അധികാരമില്ല. പെര്‍മിറ്റ് ഉള്ളവര്‍ക്ക് എവിടെ നിന്നും ആളുകളെ കയറ്റാനും ഇറക്കാനും അനുവാദമുണ്ട്. ഇക്കാര്യങ്ങള്‍ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ബസുകളൊന്നും തങ്ങള്‍ പിടിച്ചെടുക്കുന്നില്ലെന്നാണ് തമിഴ്‌നാട് അവകാശപ്പെടുന്നത്. കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത ശേഷം സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നതാണ് പിടിച്ചെടുത്ത ബസുകളിലെ രീതിയെന്നും തമിഴ്‌നാട് പറയുന്നു. കേരളത്തില്‍ നിന്ന് ഓള്‍ ഇന്ത്യ പെര്‍മിറ്റോടെ സര്‍വീസ് നടത്തുന്ന ഭൂരിഭാഗം വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ് എന്നിവിടങ്ങളിലാണ്.

സംസ്ഥാനത്ത് നല്‍കേണ്ടി വരുന്ന ഭീമമായ ഫീസ് തുക തന്നെയാണ് വാര്‍ഷിക നികുതി കുറവുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ബസ് ഉടമകളെ ആകര്‍ഷിക്കുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം 4 ലക്ഷം രൂപയോളം നികുതി അടയ്ക്കണം. തമിഴ്‌നാട്ടില്‍ ഇത് ഏകദേശം 7 ലക്ഷവും കര്‍ണാടകയില്‍ 8 ലക്ഷവുമാണ്.

അതേ സമയം നാഗാലാന്‍ഡില്‍ 45,000 രൂപയും അരുണാചല്‍ പ്രദേശില്‍ 25,000 രൂപയുമാണു നികുതി. സംസ്ഥാനങ്ങളിലെ നികുതി ഏകീകരിക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. എന്നാല്‍ ഈ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല. പരസ്പരം ബസുകള്‍ പിടിച്ചെടുക്കുന്നതു കൊണ്ട് ആര്‍ക്കും നേട്ടമുണ്ടാകില്ലെന്ന് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ഫോറം വക്താവ് എബനേസര്‍ ചുള്ളിക്കാട്ട് പറഞ്ഞു.

അരുണാചല്‍ പ്രദേശ് (25,000), നാഗാലാന്‍ഡ് (45,000), പുതുച്ചേരി (2,45,000), കേരളം (3,92,000), തമിഴ്‌നാട് (6,86,000) കര്‍ണാടക (7,54,000) എന്നിങ്ങനെയാണ് 49 സീറ്റുള്ള മള്‍ട്ടി ആക്‌സില്‍ ബസിന് വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന വാര്‍ഷിക നികുതി. അരുണാചല്‍ പ്രദേശ് (11061), നാഗാലാന്‍ഡ്(8753), പുതുച്ചേരി(1434), കേരളം (736) തമിഴ്‌നാട്(869) കര്‍ണാടക(686) എന്നിങ്ങനെയാണ് 2023 ഏപ്രില്‍ 1 മുതല്‍ 2024 ജൂണ്‍ 27 വരെ അനുവദിച്ച ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുകളുടെ എണ്ണം.