
ട്വന്റി - 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയം ഉറപ്പിച്ചത് അവസാന ഓവറിലെ ആദ്യ പന്തിൽ ദക്ഷിണാഫ്രിക്കയുടെ വമ്പനടിക്കാരനായ ഡേവിഡ് മില്ലറെ പുറത്താക്കാൻ ബൗണ്ടറി ലൈനിൽ സൂര്യകുമാർ യാദവെടുത്ത അവിശ്വസനീയ ക്യാച്ചാണ്. ഇന്ത്യ തോൽക്കുമെന്ന ആശങ്കയിലും അപാരമായ മനഃസാന്നിദ്ധ്യത്തോടെയാണ് ലോകകപ്പ് ചരിത്രത്തിലെ തന്നെ അവിസ്മരണീയ ക്യാച്ചുകളിലൊന്നാണ് 34കാരനായ സൂര്യ സ്വന്തമാക്കിയത്. ആ ക്യാച്ചിൽ സൂര്യ കൈയിലൊതുക്കിയത് വെറും പന്തായിരുന്നില്ല, 140 കോടി ജനങ്ങൾക്ക് നെഞ്ചേറ്റാനുള്ള ലോക കപ്പ് തന്നെയായിരുന്നു.
ടീം ഇന്ത്യക്ക് ബി.സി.സി.ഐയുടെ സമ്മാനം 125 കോടി
ട്വന്റി-20 ലോകകപ്പ് നേടിയ രോഹിത് ശർമ്മയ്ക്കും സംഘത്തിനും 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾബോർഡ്. ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിലെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് കീഴടക്കിയാണ് ഇന്ത്യ പതിനേഴ് വർഷത്തിന് ശേഷം ട്വന്റി-20 ലോകകിരീടത്തിൽ മുത്തമിട്ടത്. 2.45 മില്യൺ യു.എസ് ഡോളറാണ് (ഏകദേശം 20.42 കോടിരൂപ) ഐ.സി.സി സമ്മാനത്തുകയായി നൽകിയത്. ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ, കോച്ച് രാഹുൽ ദ്രാവിഡ്, വിരാട് കൊഹ്ലി എന്നിവരെ പ്രധാന മന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.